സംസ്ഥാനത്ത് ലഹരി കടത്തുകേസിൽ പ്രതിയാകുന്ന യുവാക്കളുടെ എണ്ണം കൂടുന്നു; റിപ്പോർട്ട് സർക്കാരിന് കൈമാറി

0
314

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി കടത്തുകേസിൽ പ്രതിയാകുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നുവെന്ന് എക്സൈസ്. കഴിഞ്ഞ വർഷം എക്സൈസ് അറസ്റ്റ് ചെയ്ത 3,791 പേരിൽ 514 പേരും 21 വയസ്സിൽ താഴെയുള്ളവരാണ്. ഈ വർഷം ഇതേ വരെ 518 യുവാക്കള്‍ അറസ്റ്റിലായി. യുവാക്കളിലെ ലഹരി ഉപയോഗം തടയാൻ നിയമ ഭേദഗതി ഉൾപ്പെടെ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് എക്സൈസ് കമ്മീഷണർ സർക്കാരിന് നൽകി.

സംസ്ഥാനത്തെ വർദ്ധിച്ചുവരുന്ന ലഹരി കടത്തിനെ കുറിച്ച് എക്സൈസ് കമ്മീഷണർ നൽകിയ റിപ്പോർട്ടിലാണ് കടത്തിൽ യുവാക്കളെയും വിദ്യാർത്ഥികളെയും മറയാക്കുന്ന കാര്യം വ്യക്തമാക്കുന്നത്. പല പ്രലോഭനങ്ങളും നൽകിയാണ് ലഹരിമാഫിയ യുവാക്കളെയും വിദ്യാ‍ർത്ഥികളെയും വലയിലാക്കുന്നത്. യുവാക്കള്‍ പ്രതികളാകുന്നത് വർധിച്ചതോടെയാണ് കഴിഞ്ഞ വർഷം മുതൽ ഇവരുടെ കണക്കുകള്‍ ശേഖരിച്ച് പ്രത്യേക പരിശോധന എക്സൈസ് നടത്തിയത്. കഴിഞ്ഞ വർഷം 3667 കേസുകളിലായി 3791 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 514 പേർ 21 വയസ്സിന് താഴെയുള്ളവർ. ഈ വർഷം രജിസ്റ്റർ 2232 കേസുകളിൽ 518 പ്രതികൾ 21 വയസ്സിന് താഴെയുള്ളവർ. പ്രതികളായ യുവാക്കളും മയക്കു മരുന്നിന് അടിമകളാണ്.

എക്സൈസിൻറെ വിമുക്തി കേന്ദ്രത്തിൽ മയക്കുമരുന്നിന് അടിമപ്പെട്ട് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. യുവാക്കള്‍ മയക്കുമരുന്നിന് അടിമപ്പെടാനുള്ള സാമൂഹിക സാമ്പത്തിക ഗാർഹിക പ്രശ്നങ്ങളും കമ്മീഷണർ ആനന്ദ കൃഷ്ണൻറെ റിപ്പോർട്ടിൽ വിവരിക്കുന്നു.

സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വിൽപനയും കൂടുകയാണെന്ന് എക്സൈസും പൊലീസും പിടികൂടുന്ന കേസുകളിൽ നിന്നും വ്യക്തമാകുന്നു. പിടിക്കുന്നതിനേക്കാള്‍ കൂടുതൽ കഞ്ചാവും മയക്കുമരുന്നും നിയമസംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് കടത്തുന്നുണ്ട്.. വിലകുറവും ലഭ്യതാ സാധ്യതയുമുള്ളതുകൊണ്ട് കഞ്ചാവാണ് വ്യാപകമായി വിൽക്കുന്നത്.

സംസ്ഥാനത്ത് ലഹരിവ്യാപാരം വർധിച്ചുവരുന്ന സാഹചര്യത്തിൽ അന്വേഷണം സുഗമാക്കാനുള്ള ശുപാ‍ർശകളും കമ്മീഷണർ നൽകിയിട്ടുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം ലഹരികടത്തുകാരുടെ ഫോണ്‍ വിശദാംശങ്ങള്‍ പൊലീസാണ് കൈമാറുന്നത്. ഇതിന് പകരമായി എക്സൈസ് ഇൻസ്പെക്ടർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് അനുമതി നൽകണം. യുവാക്കള്‍ ലഹരി ഉപയോഗത്തിലേക്ക് കടക്കുന്നത് പുകയില ഉൽപ്പന്നങ്ങള്‍ ഉപയോഗിച്ചാണ്. സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള പുകയില ഉൽപ്പനങ്ങള്‍ വിൽക്കുന്നത് പിടിച്ചാൽ 200 രൂപ മാത്രമാണ് പിഴ. ഈ നിയമത്തിൽ മാറ്റം വരണം. വലിയ തുക പിഴയാക്കുകയും കുറ്റകൃത്യത്തിലുള്ള വാഹനം പിടിച്ചെടുക്കാനായി അബ്കാരി നിയമത്തിൽ മാറ്റം വരുത്തണമെന്നും ശുപാർശ ഉണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here