ഉപ്പള: എം.ഡി.എം.എ മയക്കുമരുന്നും കഞ്ചാവും കടത്തുന്നുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് പരിശോധനക്കിടെ യുവാവ് സ്വിഫ്റ്റ് കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. മറ്റൊരു കാര്‍ പൊലീസ് ജീപ്പിലിടിച്ച് കടന്നുകളഞ്ഞു. ഇന്നലെ രാത്രി എട്ട് മണിയോടെ ഉപ്പള ടൗണിലാണ് സംഭവം. ഒരു കാറില്‍ എം.ഡി.എം.എ മയക്കുമരുന്നും മറ്റൊരു കാറില്‍ കഞ്ചാവും കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം എസ്.ഐ എം.പി രാഘവനും സംഘവും ഹൊസങ്കടി ടൗണ്‍ ദേശീയപാതയില്‍ പരിശോധനക്കിറങ്ങിയതായിരുന്നു. അതിനിടെയാണ് മംഗളൂരു ഭാഗത്ത് നിന്ന് അമിത വേഗതയില്‍ വന്ന സ്വിഫ്റ്റ് കാര്‍ പൊലീസ് നിര്‍ത്തിയിടാന്‍ ആവശ്യപ്പെട്ടിട്ടും ഓടിച്ചുപോയത്. രണ്ട് ജീപ്പുകളിലായി പൊലീസ് പിന്തുടര്‍ന്നു. ഉപ്പളയില്‍ ജീപ്പ് കുറുകെയിട്ട് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരും പൊലീസും പിന്നാലെ ഓടിയെങ്കിലും യുവാവിനെ പിടിക്കാനായില്ല. അതിനിടെയാണ് കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മറ്റൊരു കാര്‍ ഉപ്പള ടൗണില്‍ വെച്ച് പിടികൂടാന്‍ ശ്രമിച്ചത്. എന്നാല്‍ പൊലീസ് സംഘത്തെ വെട്ടിച്ച് കാര്‍ അമിത വേഗതയില്‍ ഓടിച്ചുപോയി. പൊലീസ് പിന്തുടരുന്നതിനിടെ ജീപ്പിലിടിച്ച് കാര്‍ കടന്നുകളഞ്ഞു. ഉപേക്ഷിച്ച സ്വിഫ്റ്റ് കാര്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. കാറിലുണ്ടായിരുന്ന യുവാവ് ഉപ്പള സ്വദേശിയാണെന്നും മഞ്ചേശ്വരത്താണ് താമസിച്ചുവരുന്നതെന്നും തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
Home Latest news ലഹരിമരുന്ന് കടത്തെന്ന് സംശയം; പരിശോധനക്കിടെ കാര്‍ ഉപേക്ഷിച്ച് യുവാവ് രക്ഷപ്പെട്ടു, മറ്റൊരു കാര്‍ പൊലീസ് ജീപ്പിലിടിച്ച്...