അബുദാബി∙ ഐപിഎൽ മത്സരത്തിനിടെ പഞ്ചാബ് കിങ്സ് നായകൻ കെ.എൽ. രാഹുലിനെതിരായ റണ്ണൗട്ട് അപ്പീൽ പിൻവലിച്ച മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ ക്രുനാൽ പണ്ഡ്യയ്ക്കും ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ആരാധകരുടെയും ക്രിക്കറ്റ് നിരൂപകരുടെയും പ്രശംസ.
ക്രുനാൽ ബോൾ ചെയ്ത 6–ാം ഓവറിലാണു നാടകീയ സംഭങ്ങൾ. ക്രിസ് ഗെയ്ൽ ഉയർത്തിയടിച്ച പന്ത് നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ ക്രീസിനു മുന്നിലേക്കു കയറി നിന്നിരുന്ന രാഹുലിന്റെ ശരീരത്തിലാണു വന്നിടിച്ചത്. മുന്നോട്ടാഞ്ഞ രാഹുൽ വലതുകൈ നിലത്തു കുത്തിയാണ് വീഴ്ചയിൽനിന്നു രക്ഷപ്പെട്ടത്. ഇതിനിടെ, രാഹുലിന്റെ ശരീരത്തിൽ തട്ടിയതിനു ശേഷം തനിക്കു നേരെ എത്തിയ പന്ത് ക്രുനാൽ സ്റ്റംപിലേക്കു തട്ടിയിട്ടു. രാഹുലിന് ഇതിനിടെ ക്രീസിലേക്കു മടങ്ങിയെത്താനായതുമില്ല.
ക്രുനാൽ ആദ്യം റണ്ണൗട്ടിനായി അപ്പീൽ ചെയ്തതോടെ ഫീൽഡ് അംപയർ തീരുമാനം മൂന്നാം അംപയറിനു വിടാനൊരുങ്ങി. രാഹുൽ ഔട്ടെന്ന് ഉറപ്പായിരുന്നെങ്കിലും, ഇതിനിടെ ക്രുനാൽ തന്നെ അപ്പീൽ പിൻവലിച്ചു. തീരുമാനം മൂന്നാം അംപയറിനു വിടേണ്ടതില്ലെന്നു രോഹിത് ശർമയും അംപയർക്കു നിർദേശം നൽകി. പിന്നാലെ ക്രുനാലിനു രാഹുൽ തംബ്സ് അപ്പും നൽകി.