രാജ്യത്ത് ഡ്രീം 11 ജ്വരം; ഒരു വർഷത്തെ വരുമാനം ചെന്നൈ സൂപ്പർ കിങ്‌സിനേക്കാൾ അഞ്ചിരട്ടി

0
308

ചെറിയ ഇടവേളക്കു ശേഷം ഐ.പി.എൽ രണ്ടാം ഘട്ടം ആരംഭിച്ചതോടെ, ഓൺലൈൻ ഫാന്റസി ഗെയിമുകളും രംഗം സജീവമാക്കിയിരിക്കുകയാണ്. ഇതിനിടെ, ജനപ്രിയ ഫാന്റസി ഗെയിം സ്റ്റാർട്ട് അപ്പായ ‘ഡ്രീം 11’ ഐ.പി.എല്ലിലെ പല ടീമുകളേക്കാളും വരുമാനം ഉണ്ടാക്കിയെന്ന വാർത്തയാണ് പുറത്തു വരുന്നത്. 2,070 കോടി രൂപയാണ് കഴിഞ്ഞ വർഷത്തെ ഡ്രീം ഇലവണിന്റെ വരുമാനം.

ഐ.പി.എല്ലിലെ പല ജനപ്രിയ ടീമുകളേക്കാളും പണം സമ്പാദിക്കുന്നുണ്ട് മുംബൈ ആസ്ഥാനമായുള്ള ഡ്രീം ഇലവൺ. കഴിഞ്ഞ വർഷം 356.53 കോടി രൂപ സമ്പാദിച്ച ചെന്നൈ സൂപ്പർ കിങ്‌സിനേക്കാൾ അഞ്ചിരട്ടിയാണ് ഫാന്‍റസി ഗെയിം സ്റ്റാർട്ട് അപ്പിന്റെ വരുമാനം. ഇവരുടെ നടപ്പു വർഷത്തെ സമ്പാദ്യം എത്രയെന്ന് പുറത്തുവന്നിട്ടില്ല.

മത്സരം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് സമാനമായി സാധ്യതാ ടീമിനെ തെരഞ്ഞെടുത്ത് കളിക്കുന്ന ഫാന്റസി ഗെയിമാണ് ഡ്രീം ഇലവൻ. ക്രിക്കറ്റിനു പുറമെ ഫുട്‌ബോൾ, കബഡി തുടങ്ങിയ മത്സരങ്ങളിലും ഡ്രീം ഇലവന് വൻ സ്വീകാര്യതായണുള്ളത്. ഐ.പി.എൽ നടക്കുന്ന സീസണുകളിൽ കോടിക്കണക്കിന് പേരാണ് ഡ്രീം ഇലവൻ കളിക്കുന്നത്.

ഹർഷ് ജയിൻ, ഭവിത് സേത് എന്നിവർ ചേർന്ന് 13 വർഷം മുമ്പ് തുടങ്ങിയതാണ് ഡ്രീം ഇലവൺ. ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമല്ലാതിരുന്നിട്ടും 100 മില്യൺ യൂസേഴ്‌സ് തങ്ങൾക്കുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കഴിഞ്ഞ വർഷം 110 ദശലക്ഷം ഉപയോക്താക്കളെ തങ്ങൾ നേടിയെന്നാണ് ഇവർ അവകാശപ്പെടുന്നു. 2020ൽ അൻപതു ലക്ഷം കളിക്കാർ ഡ്രീം ഇലവണിലേക്ക് പുതുതായി കടന്നുവന്നതായും ഇവർ പറയുന്നു.

മത്സരത്തിൽ ഏറ്റവും നന്നായി കളിക്കാൻ സാധ്യതയുള്ള പതിനൊന്ന് പേരെ ഉൾപ്പെടുത്തി ടീമുണ്ടാക്കുന്നതാണ് ഡ്രീം ഇലവണിന്റെ അടിസ്ഥാനമായ ആശയം. പത്തു രൂപ മുതൽ പതിനായിരം രൂപക്കും മുകളിലുള്ള തുകക്ക് കളിക്കാവുന്ന ഗെയിമുകൾ ഡ്രീം ഇലവണിലുണ്ട്. യൂസേഴ്‌സിന്റെ വാലറ്റിലേക്കാണ് കളിച്ചു ലഭിക്കുന്ന പണം കയറുക. മെയിൽ ഐ.ഡി, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവ നൽകി വെരിഫൈ ചെയ്താൽ ബാങ്ക് അക്കൗണ്ടിലേക്ക് പണം പിൻവലിക്കാവുന്നതാണ്. ഇരുന്നൂറ് രൂപ മുതൽ ഇരുപതിനായിരം രൂപ വരെ ഇത്തരത്തിൽ ഒരു ദിവസം പിൻവലിക്കാവുന്നതാണ്. ഗെയിമിൽ മികച്ച നേട്ടം നേടാവുന്നതിനെ സംബന്ധിച്ച യൂട്യൂബ് ചാനലുകളും ലഭ്യമാണ്.

ഓൺലൈൻ ചൂതാട്ടമാണെന്ന പേരിൽ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങൾ ഡ്രീം ഇലവണിന് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനങ്ങൾ ഉയർത്തിയ ചൂതാട്ടമെന്ന വാദം തള്ളിയ സൂപ്രീംകോടതി, ഡ്രീം ഇലവണിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here