തിരുവനന്തപുരം: ആന്ധ്രാപ്രദേശിൽനിന്നും തമിഴ്‌നാട്ടിൽനിന്നും പോലീസ്‌തന്നെ കഞ്ചാവ് കടത്തിക്കൊണ്ടു വന്നശേഷം പിടിച്ചെടുത്ത് പേരെടുക്കാൻ ശ്രമമെന്ന് പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ട്. സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുണ്ടായിരുന്ന ജില്ലാ ആന്റി നകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സി (ഡാൻസാഫ്) നെതിരേയാണ് റിപ്പോർട്ട്.
എ.ഡി.ജി.പി.യുടെ നിർദേശപ്രകാരം ഏതാനും ആഴ്ച മുമ്പ് ഡാൻസാഫിനെ പിരിച്ചുവിട്ടിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളാണുള്ളത്.
ചാക്ക, കുമാരപുരം എന്നിവിടങ്ങളിൽനിന്നു കിലോക്കണക്കിനു കഞ്ചാവ് പിടിച്ച സംഭവങ്ങളെത്തുടർന്നാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയത്. ഈ രണ്ട് സംഭവങ്ങളിലും കിലോക്കണക്കിനു കഞ്ചാവ് റോഡരികിലും ഒഴിഞ്ഞ പുരയിടത്തിലും ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
തുടരന്വേഷണത്തിൽ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതോടെയാണ് കഞ്ചാവ് പോലീസ്‌തന്നെ കൊണ്ടുെവച്ചതാണെന്ന സംശയമുയർന്നത്. ചാക്കയിൽനിന്ന് 110 കിലോയും കുമാരപുരത്തുനിന്ന് 150 കിലോയും കഞ്ചാവാണ് പിടിച്ചത്. നാല് തമിഴ്‌നാട് സ്വദേശികളെയും പിടികൂടിയിരുന്നു. എന്നാൽ, ഇവർക്ക് ഇതുസംബന്ധിച്ച് വ്യക്തമായൊന്നും അറിയുമായിരുന്നില്ല.
പോലീസ് ആന്ധ്രയിൽ പോയി കഞ്ചാവ് എത്തിച്ചു
ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നു പോലീസ്‌തന്നെ നേരിട്ടുപോയി കഞ്ചാവ് കൊണ്ടുവരികയായിരുന്നുവെന്നാണ് ഇന്റലിജൻസ് എ.ഡി.ജി.പി.ക്കു നൽകിയ റിപ്പോർട്ട്. ഇതിന് നെയ്യാറ്റിൻകരയിലെ കഞ്ചാവുകടത്ത് സംഘത്തിന്റെ സഹായം ലഭിച്ചുവെന്നും സംശയിക്കുന്നു.
കൂടുതൽ കഞ്ചാവ് കൊണ്ടുവന്ന് കുറച്ചുഭാഗം ഈ സംഘങ്ങൾക്കു നൽകിയോ എന്നു പരിശോധിക്കണമെന്നും നിർദേശമുണ്ട്. പോലീസ് ഉദ്യോഗസ്ഥനും കഞ്ചാവുകടത്ത് സംഘത്തലവനും ഒരുമിച്ച് വിമാനത്തിൽ ബെംഗളൂരുവിൽ പോയതിന്റെ രേഖകളും തേടുന്നുണ്ട്. കഞ്ചാവുമായി വരുന്നതിനിടയിൽ ഒരുതവണ കേരള പോലീസ് സംഘം ആന്ധ്രാ പോലീസിന്റെ പിടിയിലായി. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടാണ് തിരിച്ചെത്തിച്ചത്.
ഉന്നത ഉദ്യോഗസ്ഥർ നൽകിയ ക്വാട്ട തികയ്ക്കാനാണ് പ്രത്യേക സംഘം തട്ടിപ്പ് നടത്തിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. വൻ കഞ്ചാവുവേട്ടകൾ അന്വേഷണ സംഘങ്ങൾക്ക് റിവാർഡും മറ്റ് ആനുകൂല്യങ്ങളും നേടിക്കൊടുക്കും. കഞ്ചാവിനൊപ്പം കൂട്ടിക്കൊണ്ടുവരുന്ന തമിഴ്നാട് സ്വദേശികളെ പ്രതികളാക്കുകയാണ് ചെയ്യുന്നത്. ഇതിന് കേരളത്തിലെ കഞ്ചാവുകടത്ത് സംഘങ്ങളുടെ സഹായമുള്ളതായും സംശയിക്കുന്നു.