പൈവളിഗെയില്‍ മൊബൈല്‍ കടയില്‍ സാധനങ്ങള്‍ നശിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്ന പരാതിയില്‍ ഏഴ് പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

0
401

കാസര്‍കോട്: മൊബൈല്‍ കടയില്‍ കയറി ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ നശിപ്പിക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തെന്ന പരാതിയില്‍ ഏഴു പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പൈവളിഗെയിലെ മൊബൈല്‍ കടയുടമ ജവാദ് ആസിഫ് നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട്(രണ്ട്) കോടതി മഞ്ചേശ്വരം പൊലീസിന് നിര്‍ദേശം നല്‍കിയത്.

മൂന്നുമാസം മുമ്പ് രാത്രിയാണ് സംഭവം. പൈവളിഗെയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസുകാരില്‍ ഏഴുപേര്‍ ജവാദ് ആസിഫിന്റെ മൊബൈല്‍ കടയിലെത്തുകയും കട ഉടന്‍ അടക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രാത്രി എട്ടുമണിവരെ കട പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടെന്നും അതിന് മുമ്പ് വന്ന് കടയടക്കാന്‍ കഴിയില്ലെന്നും ജവാദ് അറിയിച്ചപ്പോള്‍ പ്രകോപിതരായ പൊലീസുകാര്‍ ജവാദിനെയും ജീവനക്കാരെയും മര്‍ദ്ദിക്കുകയും കടയിലുണ്ടായിരുന്ന സാധനങ്ങള്‍ തകര്‍ക്കുകയും ഇതുമൂലം ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തതായി കോടതിയില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. മൊബൈല്‍ കടയില്‍ അതിക്രമം നടത്തിയതിന് കണ്ടാലറിയാവുന്ന ഏഴുപൊലീസുകാര്‍ക്കെതിരെ ജവാദ് ആസിഫ് മഞ്ചേശ്വരം പൊലീസിലും ജില്ലാ പൊലീസ് മേധാവിക്ക് പരാതിനല്‍കിയിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. അക്രമം നടത്തിയ പൊലീസുകാരുടെ ദൃശ്യങ്ങള്‍ മൊബൈല്‍ കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നെന്നും തെളിവ് നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്നും ജവാദ് പറഞ്ഞു. അഡ്വ. കെ.കെ മുഹമ്മദ് ഷാഫി മുഖാന്തിരമാണ് കോടതിയില്‍ ഹരജി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here