ന്യൂഡൽഹി: റിമാൻഡിലായിരുന്ന ഗുണ്ടാത്തലവനെ കോടതി വളപ്പിൽവെച്ച് വെടിവെച്ചുകൊന്നു. എതിർ ചേരിയിൽപ്പെട്ടവരാണ് ജിതേന്ദർ ഗോഗി എന്നയാളെ ഡൽഹിയിലെ രോഹിണി കോടതി വളപ്പിൽ വെച്ച് വെടിവെച്ചുകൊന്നത്. വെടിവെപ്പിൽ, ജിതേന്ദർ ഗോഗിയെ കൂടാതെ മൂന്നു പേർ കൂടി കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അഭിഭാഷകരുടെ വേഷത്തിലെത്തിയാണ് അക്രമി സംഘം വെടിയുതിർത്തത്. കോടതിയിലുണ്ടായിരുന്ന പൊലീസുകാർ തിരിച്ചു വെടിവെക്കുകയും ചെയ്തു. പൊലീസ് നടത്തിയ വെടിവെയ്പ്പിലാണ് രണ്ടു പേർ കൊല്ലപ്പെട്ടത്.
വെടിവെപ്പ് ഉണ്ടായതിനെ തുടർന്ന് കോടതിയുടെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹം സമീപത്തെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. സംഭവത്തിൽ കുടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഇന്ന് ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത്.