ചോദിക്കരുത്…എന്നാ പോകുന്നതെന്ന്; ഗള്‍ഫിലുള്ളവര്‍ക്ക് വരാന്‍ ആശങ്ക, വന്നവര്‍ക്ക് പോകാനുമാകുന്നില്ല

0
229

കോവിഡ് നമുക്കൊപ്പം യാത്ര തുടരും എന്ന യാഥാര്‍ഥ്യം ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. അടച്ചിടലില്‍ നിന്ന് ലോകം തുറക്കപ്പെട്ടു. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് കോവിഡ് സമൂഹത്തില്‍ വരുത്തിവച്ച ആഘാതം എങ്ങനെ മറികടക്കും എന്നതാണ് എല്ലാ രാജ്യങ്ങളും ഒരുപോലെ നേരിടുന്ന വെല്ലുവിളി.  നാട്ടിലെ ഏത് പ്രതിസന്ധിയിലും ആഘോഷങ്ങളിലും താങ്ങായും തണലായും കൂടെ നിന്നവരാണ് പ്രവാസികള്‍.

യാത്രാ വിലക്കും മറ്റുമായി കോവിഡിന്റെ തിക്ത ഫലം അനുഭവിച്ചവരില്‍ പ്രധാന വിഭാഗമാണ് പ്രവാസികള്‍. ജോലി നഷ്ടമായവര്‍, ബിസിനസ് തകര്‍ന്നവര്‍, നാട്ടിലേക്ക് വരാന്‍ കഴിയാത്തവര്‍, നാട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ അങ്ങനെ ആയിരങ്ങളാണ് ഇപ്പോഴും കരകാണാ സങ്കടക്കടലില്‍ കഴിയുന്നത്‌.

‘കാണാന്‍ തരക്കേടില്ലാത്ത വീടുണ്ട്. നല്ല വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്നുണ്ട്. ഉള്ളിലെ പട്ടിണി ആരും അറിയുന്നില്ല. പുറത്ത് കാണിക്കുന്നില്ല. എന്നാ പോകുന്നത് എന്ന് മാത്രമാണ് ആളുകള്‍ക്ക് ഞങ്ങളോടിപ്പോഴും ചോദിക്കാനുള്ളത്. പ്രവാസി എപ്പോഴും എല്ലാവരുടേയും കണ്ണീരൊപ്പാനുള്ളവനാണ്. അവന്റെ കണ്ണീര്‍ ആരും കാണുന്നില്ല.’ അനുഭവങ്ങള്‍ തേടി ഞങ്ങള്‍ സമീപിക്കുമ്പോള്‍ പ്രവാസികള്‍ക്ക് പറയാനുണ്ടായിരുന്നത് ഇതാണ്. ഇത്തരത്തില്‍ ദുരിതത്തിലായ ഏതാനും ചിലരുടെ അനുഭവങ്ങള്‍….

കോവിഡ് മഹാമാരിയില്‍ ജീവിതം കഷ്ടത്തിലായ നിരവധി മലയാളികളാണ് യു.എ.ഇ.യിലുള്ളത്. പ്രവാസത്തില്‍ കുടുംബം കൂടെയുള്ളവരും കുടുംബത്തെ നാട്ടിലാക്കിയവരും ദാരിദ്ര്യം അനുഭവിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടും രോഗങ്ങളും ഒരേപോലെ അലട്ടുന്നവരാണേറെയും. വീട്ടുവാടക മാത്രമല്ല ആഹാരവും മരുന്നും വാങ്ങാന്‍ പോലും ഭൂരിഭാഗം ആളുകള്‍ക്കും വഴിയില്ല. സാമൂഹിക പ്രവര്‍ത്തകരും സംഘടനകളും സഹായിച്ചാണ് ദിവസം തള്ളിനീക്കുന്നത്. വീട്ടുവാടക കുടിശികയായതിനാല്‍ പലരും താമസയിടങ്ങളില്‍ നിന്നും പുറത്താക്കപ്പെടുന്ന സാഹചര്യത്തിലാണ്. സ്‌കൂള്‍ ഫീസ് അടക്കാന്‍ സാധിക്കാതെ മക്കളുടെ വിദ്യാഭ്യാസവും മുടങ്ങി. ജോലി നഷ്ടപ്പെട്ടവരും സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ കോവിഡില്‍ ബിസിനസില്ലാതെ അടക്കേണ്ടിവന്നവരുമേറെയാണ്. നാട്ടിലേക്ക് തിരിച്ചുപോകണമെങ്കില്‍ പലരുടേയും വിസാകാലാവധിയും കഴിഞ്ഞു. കുടുംബത്തിന്റെയടക്കം പാസ്പോര്‍ട്ടും ബ്ലേഡുകാരുടെ കയ്യില്‍ പണയത്തിലാണ്. നാട്ടിലും കിടപ്പാടമില്ല, ബാങ്കുലോണും ബാധ്യതകളും വേറെയുമുണ്ട്.

ചില മാതാപിതാക്കള്‍ മക്കളെ നാട്ടിലാക്കിയെങ്കിലും ചെലവിനുനല്‍കാന്‍ പോലും സാധിക്കുന്നില്ല. പ്രായമാകുമ്പോള്‍ തുണയാകേണ്ടുന്ന മക്കളുടെ വിദ്യാഭ്യാസം മുടങ്ങുന്നതാണ് ഏറെ വിഷമമെന്ന് പലരും പറയുന്നു. ആത്മഹത്യയെ കുറിച്ച് ചിന്തിച്ചെങ്കിലും മക്കളെയോര്‍ത്ത് മനസുവന്നില്ലെന്ന് കണ്ണൂര്‍ സ്വദേശികളായ കുടുംബം പറഞ്ഞു. ബുദ്ധിമുട്ടും മാനസിക പ്രയാസവും കാരണം താമസയിടങ്ങളില്‍ നിന്നും പുറത്തുപോകാറേയില്ല, അസുഖം വന്നാലും അനുഭവിച്ചുതീര്‍ക്കുകയാണ്. മുടങ്ങാതെ കഴിക്കേണ്ട പ്രമേഹത്തിന്റെയും രക്തസമ്മര്‍ദ്ദത്തിന്റെയടക്കം മരുന്നും മുടങ്ങി. സാമൂഹിക പ്രവര്‍ത്തകര്‍ കിറ്റ് എത്തിക്കുന്നതിനാലാണ് പട്ടിണിയില്ലാതെ കഴിയുന്നത്. ഇത്തരത്തില്‍ ദുരിതത്തിലായ ഏതാനും ചിലരുടെ ഇപ്പോഴത്തെ സാഹചര്യമാണ് പ്രസിദ്ധീകരിക്കുന്നത്.

ദാരിദ്ര്യം, രോഗം. കൃഷ്ണകുട്ടിയും കുടുംബവും ദുരിതത്തില്‍

പത്തനംതിട്ട സ്വദേശി കൃഷ്ണകുട്ടിയും (58) കുടുംബവും സാമ്പത്തികമായി തകര്‍ന്നുപോയത് കോവിഡ് കാലത്താണ്. ജോലിചെയ്ത് ബുദ്ധിമുട്ടില്ലാതെ ഈ കുടുംബം മുന്നോട്ടുപോവുകയായിരുന്നു. 17 വര്‍ഷമായി കൃഷ്ണകുട്ടി യു.എ.ഇ.യിലുണ്ട്. അതിനിടയിലാണ് കോവിഡ് മഹാമാരി വ്യാപിക്കുകയും അല്‍ഐനിലുണ്ടായ ജോലി നഷ്ടപ്പെടുകയും ചെയ്തത്. രണ്ടുവര്‍ഷമായി കൃഷ്ണകുട്ടിയ്ക്ക് ജോലിയില്ല. ഷാര്‍ജയില്‍ പ്രവര്‍ത്തിച്ചിരുന്ന മകള്‍ രജനിയുടെ സലൂണും അടച്ചു. സാമ്പത്തിക ബാധ്യത വര്‍ധിച്ചു, കൂടാതെ ഈ കുടുംബത്തെ രോഗവും പിടികൂടി. രജനിയ്ക്ക് ഹൃദയശസ്ത്രക്രീയ വേണ്ടിവന്നു. ഷാര്‍ജ അല്‍ഖാസിമി. തുംബൈ, അല്‍സാറ, ബുര്‍ജീല്‍ ആശുപത്രികളിലാണ് ചികിത്സ നടത്തിയത്.

കൃഷ്ണൻകുട്ടി
കൃഷ്ണൻകുട്ടി

30,000 ദിര്‍ഹത്തിലധികം ചെലവായി. ചികിത്സയ്ക്ക് പലരും സഹായിച്ചു. രജനിയുടെ ഭര്‍ത്താവ് ഓമനക്കുട്ടന്‍ അല്‍ഐനില്‍ ചെറിയ ജോലിചെയ്യുന്നെങ്കിലും കിട്ടുന്ന വരുമാനം മരുന്നിനുപോലും തികയില്ല. മകളുടെ രോഗം കാരണം കൃഷ്ണകുട്ടിയുടെ ഭാര്യ ഗീത നാട്ടില്‍നിന്നും സന്ദര്‍ശക വിസയിലെത്തിയിട്ടുണ്ട്, സമയത്തിന് വിസ പുതുക്കാനുള്ള സാമ്പത്തിക സാഹചര്യമില്ല. ജോലി നഷ്ടപ്പെട്ടതിനാല്‍ കൃഷ്ണകുട്ടിയും സന്ദര്‍ശക വിസയിലാണ്. ഷാര്‍ജയിലെ വീട്ടുവാടക കൊടുക്കാത്തതിനാല്‍ റിയല്‍ എസ്റ്റേറ്റ് കൃഷ്ണകുട്ടിയ്ക്കെതിരെ നഗരസഭയില്‍ പരാതി നല്‍കിയിരിക്കുന്നു. 10,000 ദിര്‍ഹം വീട്ടുവാടക കുടിശ്ശികയുണ്ട്. രജനിയുടെ സലൂണ്‍ വാടകയും 27,000 ദിര്‍ഹം കുടിശ്ശികയായതിനാല്‍ കേസിലാണ്. ‘നാട്ടിലും കടമാണ്, മകനെ പഠിപ്പിക്കാന്‍ സാധിക്കുന്നില്ല. ജോലിചെയ്തു ജീവിക്കാനാണ് ആഗ്രഹം, അല്ലെങ്കില്‍ മുന്നില്‍ മരണം മാത്രമാണ് പോംവഴി ‘ കൃഷ്ണകുട്ടിയുടെ മകള്‍ രജനി പറഞ്ഞു.

തിരിച്ചെത്തിയാലും ജോലിയുടെ കാര്യത്തില്‍ അനിശ്ചിതാവസ്ഥ

സൗദി അറേബ്യയില്‍ സിബിഎസ്ഇ  കരിക്കുലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി തലത്തില്‍ അധ്യാപകനായി ജോലി ചെയ്യുന്ന വ്യക്തിയാണ് ഞാന്‍. അവിടെ സെക്കണ്ടറി തലം മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടെങ്കിലും നാട്ടില്‍ പോയ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും തിരിച്ച് വരാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ ഓണ്‍ലൈന്‍ അധ്യാപനം തുടരാനാണ് തീരുമാനം.

സൗദിയില്‍ നിന്ന് രണ്ടു ഡോസ് വാക്സീന്‍ എടുത്തവര്‍ക്ക് ഇന്ത്യയില്‍ നിന്ന് വിമാനമാര്‍ഗം നേരിട്ട്തിരിച്ചു വരാന്‍ സൗദിഅറേബ്യ അനുവദിക്കുന്നുണ്ടെങ്കിലും അത്തരക്കാരുടെ എണ്ണം വളരെ കുറവാണ്. അടുത്തിടെ വന്നവര്‍ മാത്രമേ അത്തരക്കാരില്‍ ഉള്‍പെടൂ.

സൗദിയില്‍ നിന്നും രണ്ട് ടോസ് വാക്‌സില്‍ എടുക്കാത്ത പ്രവാസികള്‍ക്ക് ഇന്ത്യയില്‍ നിന്നും തിരികെ സൗദിയിലെത്തണമെങ്കില്‍  സൗദി അറേബ്യ അംഗീകരിച്ച ഗ്രീന്‍ ലിസ്റ്റെഡ് രാജ്യങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ കുറഞ്ഞത് പതിനഞ്ചു ദിവസം ക്വാറന്റീനില്‍ കഴിയണം. തിരികെപ്പോയ പ്രവാസികള്‍ നല്‍കിയ വിവരമനുസരിച്ച് ഒരുലക്ഷത്തി മുപ്പത്തി ഏഴായിരം രൂപയോളമാണിതിന് വേണ്ടി വരുന്ന ചെലവ്. കൂടാതെ നല്ലൊരു തുക കയ്യില്‍ കരുതുകയും വേണം. കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ്  തിരികെയെത്തിയ മലയാളികളില്‍ ബഹുഭൂരിപക്ഷവും. ആയതിനാല്‍ തന്നെ ഇത്രയും ചെലവ് വഹിച്ചു കൊണ്ട് തിരികെ പോകുകയെന്നത് അവരെക്കൊണ്ട് താങ്ങാന്‍ കഴിയുന്ന ഒന്നല്ല.

musthafa
മുസ്തഫ മൂന്നിയൂര്‍

ഇഖാമ(താമസ രേഖ) യുടെ കാലാവധി കഴിഞ്ഞവരാണ് അധികവും. അതിനാല്‍ ഇഖാമ പുതുക്കാന്‍ തന്നെ ഒരു ലക്ഷത്തിന്റെ മുകളില്‍ ചെലവ് വരും. വിദേശത്ത് കുടുങ്ങിയവരുടെ ഇഖാമ സൗജന്യമായി പുതുക്കി നല്‍കുമെന്ന് സൗദി അറേബ്യ അറിയിച്ചിട്ടുണ്ടെങ്കിലും അത് നിബന്ധനകള്‍ക്ക് വിധേയമായതിനാല്‍ ആ ആനുകൂല്യം ലഭിക്കുന്നവര്‍ വളരെ കുറവാണ്. തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്ന പലര്‍ക്കും നിലവിലെ കമ്പനികളില്‍ ജോലി നഷ്ടപ്പെട്ട അവസ്ഥയാണ്. അതിനാല്‍ അവിടെയെത്തി പുതിയ ജോലി അന്വഷിച്ചു കണ്ടെത്തുകയെന്നതും വലിയ വെല്ലുവിളിയാണുയര്‍ത്തുന്നു.  വരുമാനം വീട്ടിലെ ചിലവിനു മാത്രം തികഞ്ഞിരുന്ന ഒരു പ്രവാസിയുടെ സാമ്പത്തിക നീക്കിയിരുപ്പു പൂജ്യമായിരിക്കുമെന്നിരിക്കെ ഈ പണം സങ്കടിപ്പിച്ചു മടങ്ങിപ്പോകുകയെന്നത് ഒരിക്കലും സാധ്യമല്ല. മാത്രമല്ല ഇനി  അവിടെയെത്തി ജോലി ലഭിക്കുമോ എന്ന അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നുമുണ്ട്.

അധികനാള്‍ തൊഴിലാന്വഷണം തുടരുകയെന്നത് ഗള്‍ഫിലെ ഇന്നത്തെ ഉയര്‍ന്നു വരുന്ന ജീവിത ചിലവില്‍ പ്രവാസികള്‍ക്ക് സാധിക്കില്ല. ഉദാഹരണം പറഞ്ഞാല്‍ സൗദിയില്‍ 2018 മുതല്‍ വൈദ്യുതിയ്ക്കും, വെള്ളത്തിനും നികുതിയുണ്ട്. നിലവില്‍ അഞ്ചു ശതമാനമുള്ള അവിടുത്തെ വാറ്റ് 2020 ജൂലൈ ഒന്നു മുതല്‍ പതിനഞ്ചു ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. തന്മൂലം ജീവിത ചെലവ്‌ ഉയരുന്നു എന്നതിനാല്‍ അധികനാള്‍ തൊഴിലന്വേഷണം മുന്നോട്ടു കൊണ്ട് പോകാന്‍ പ്രവാസികള്‍ക്കാകില്ല.

മലയാളികളുടെ ഇപ്പോഴത്തെ മടങ്ങി വരവും വന്നവര്‍ക്ക് തിരിച്ചുപോകാന്‍ സാധിക്കാത്ത അവസ്ഥയും  കേരളത്തെ വളരെയധികം പ്രതികൂലമായ് ബാധിക്കും. പ്രത്യേകിച്ച് മടങ്ങി വരുന്നവരില്‍ ഏറിയ പങ്കും ചെറുപ്പക്കാരാണെന്നുള്ളത് വിഷയത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നുവെന്നു മാത്രമല്ല സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇടപെടലുകള്‍ അനിവാര്യമായി വരുന്നു. തൊഴിലില്ലായിമ വര്‍ദ്ധിക്കുന്നതോടൊപ്പം കേരളത്തിലേക്കുള്ള വിദേശനാണ്യത്തിന്റെ ഒഴുക്ക് കുറയും എന്നത് കേരളത്തിന്റെ എല്ലാ മേഖലയേയും സാമ്പത്തികമായി തകര്‍ക്കുകയും വികസനമുരടിപ്പിന് കാരണമാകുകയും ചെയ്യും. (മുസ്തഫ മൂന്നിയൂര്‍ അധ്യാപകന്‍ ജിദ്ദ, സൗദി അറേബ്യ)

അല്‍ഫോന്‍സയുടേയും കണ്ണീര്‍ജീവിതം

തൃശൂര്‍ പോനൂര്‍ സ്വദേശി അല്‍ഫോന്‍സ (33) ദുബായില്‍ പി.ആര്‍.ഒ. ആയി ജോലിചെയ്യുകയായിരുന്നു. 27 വര്‍ഷമായി പ്രവാസിയാണ്. കോവിഡില്‍ അല്‍ഫോന്‍സയുടെ ജോലിയും നഷ്ടമായി. രണ്ടുവര്‍ഷമായി കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. 30 വര്‍ഷം മുന്‍പ് ഭര്‍ത്താവ് ജേക്കബ് മരിച്ചു, അതോടെ കുടുംബ പ്രാരാബ്ധവും കൂടിവന്നു. മകനും മരുമകളും പേരക്കുട്ടിയും കൂടെയുണ്ടെങ്കിലും എല്ലാവരുടെയും പാസ്‌പോര്‍ട്ട് ബ്ലേഡുകാരുടെ കയ്യിലാണുള്ളത്.

അൽഫോൻസ
അൽഫോൻസ

പേരക്കുട്ടിയുടെ പാസ്‌പോര്‍ട്ട് മാത്രം കയ്യിലുണ്ടെങ്കിലും അതില്‍ വിസയടിക്കാന്‍ സാധിച്ചിട്ടില്ല. അമ്മ മരിച്ചിട്ടുപോലും അല്‍ഫോന്‍സയ്ക്ക് നാട്ടിലെത്താന്‍ സാധിച്ചില്ല. വീട്ടുവാടകയും ആഹാരവും മരുന്നുമെല്ലാം മുടങ്ങുന്നതും പതിവായി. അല്‍ഫോന്‍സയുടെ തലയില്‍ രക്തം കട്ടപിടിച്ചതിനാല്‍ അഞ്ചുപ്രാവശ്യം ശസ്ത്രക്രീയ വേണ്ടിവന്നു. തുടര്‍ചികിത്സയ്ക്കും വഴിയില്ല. മരുന്നും മുടങ്ങി, ‘ആരെങ്കിലും സഹായിച്ചില്ലെങ്കില്‍ മുന്നോട്ടേക്കുള്ള യാത്ര തടസ്സമാവു’മെന്ന് വേദനയോടെ അല്‍ഫോന്‍സ പറയുന്നു.

കോവിഡില്‍ ബാവയ്ക്കും ജോലിപോയി

പാലക്കാട് തൃത്താല സ്വദേശിയാണ് ഷാര്‍ജയിലെ ബാവ തോട്ടത്തില്‍. കോവിഡ് കാരണം ആറുമാസമായി ജോലിയില്ല. 17 വര്‍ഷമായി ഷാര്‍ജയിലെ പ്രിന്റിങ് ആന്‍ഡ് അഡ്വര്‍ടൈസ്‌മെന്റ് രംഗത്തായിരുന്നു ജോലി ചെയ്തത്. അല്ലലില്ലാതെ ജീവിതം മുന്നോട്ടുപോകുമ്പോഴാണ് കോവിഡ് വന്നത്. മാസങ്ങളോളം നാട്ടില്‍നിന്നും തിരിച്ചെത്താന്‍ സാധിച്ചില്ല, തിരിച്ചുവരുമ്പോഴേക്കും ജോലിയും നഷ്ടമായി. ദൈനംദിന ചെലവിനുപോലും വഴിയില്ലെന്ന് ബാവ പറഞ്ഞു. മക്കളുടെ വിദ്യാഭ്യാസം മുടങ്ങുന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. മകന്റെ മെഡിക്കല്‍ പഠനത്തിന് മൊത്തം 18 ലക്ഷം രൂപവേണം. ഒക്ടോബര്‍ ഒന്നിന് ഫീസിനത്തില്‍ 50,000 രൂപ വേണം. പലയിടങ്ങളിലും ജോലിയ്ക്ക് ശ്രമിച്ചു, പ്രത്യേക സാഹചര്യത്തില്‍ നിരാശയാണ് ഫലം. ആരെങ്കിലും സാഹായിച്ചില്ലെങ്കില്‍ ജീവിതം കൂടുത പ്രതിസന്ധിയിലാവുമെന്ന് ബാവ പറഞ്ഞു.

വിസയും പോയി ജോലിയും പോയി

എല്ലാകാലത്തും  മലയാളിയുടെ രക്ഷയ്ക്കെത്തിയിരുന്ന പ്രവാസ ജീവിതം ഒരിക്കലും ജീവിതത്തിന്റെ താളം തെറ്റിക്കുമെന്ന ചിന്തയുണ്ടായിരുന്നില്ല നാദാപുരം ഈയ്യങ്കോട്ടെ അജ്നാസിന്. ഡ്രൈവര്‍ ജോലി ചെയ്ത് തല്‍ക്കാലം വലിയ മുട്ടില്ലാതെ മുന്നോട്ട് പോയതായിരുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടെ നല്ല ഭാവി സ്വപ്നം കണ്ട് മറ്റൊരിടത്തേക്ക് വിസമാറാന്‍ ഒമാനില്‍ നിന്ന് ഒരാഴ്ചത്തെ  അവധിയിലാണ് കോവിഡിന് തൊട്ട് മുന്നെ നാട്ടിലെത്തിയത്. പിന്നെ പ്രവാസം സ്വപ്നം മാത്രമായി. ആ ഒരൊറ്റ വൈറസ് എന്നെയിന്ന് മൂക്കറ്റം കടത്തിലാക്കി, വിസയും ജോലിയും പോയി. കോഴിക്കോട് നാദാപുരത്തെ മഠത്തില്‍ അജ്നാസിന് തന്റെ  അനുഭവം പറഞ്ഞ് പൂര്‍ത്തിയാക്കാനാവുന്നില്ല.

രണ്ട് വര്‍ഷമായി അജ്നാസിങ്ങനെ നാട്ടില്‍ പെട്ടുപോയിട്ട്. എട്ട് വര്‍ഷത്തോളമായുള്ള തന്റെ പ്രവാസ ജീവിതത്തിന് കിട്ടിയ ഓര്‍ക്കാപ്പുറത്തെ അടി ഈ യുവാവിനെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. വീടുണ്ടാക്കിയ കടമുണ്ട്. ഒപ്പം ഉമ്മയും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടംബവുമുണ്ട്. മറ്റ് വഴിയില്ലാതെ താല്‍ക്കാലികമായി ഓട്ടോയോടിച്ചാണ് ഓരോ ദിവസവും അജ്നാസ് ഇന്ന് ജീവിതം മുന്നോട്ട് നയിക്കുന്നത്. അതും പലപ്പോഴും പണിയില്ലാതെ നിര്‍ത്തിയിടേണ്ടി വരും. വീടിന്റെ കടവും കുട്ടികളുടെ വിദ്യാഭ്യാസവുമെല്ലാം അജ്നാസിന്റെ മുന്നില്‍ ചോദ്യ ചിഹ്നമായതോടെ ഇനി എങ്ങനെ മുന്നോട്ട് പോവാന്‍ കഴിയുമെന്നാണ് അജ്നാസ് ചോദിക്കുന്നത്.

pravasi
അജ്‌നാസ്

പതിമൂന്ന് വയസ്സുള്ള മകളും അഞ്ചും ഒന്‍പതും വയസ്സുള്ള ആണ്‍കുട്ടികളുമാണ് എനിക്കുള്ളത്. ഇവര്‍ക്കിപ്പോ സ്‌കൂള്‍ തുറക്കാത്തത് ഒരു വിധത്തില്‍ പറഞ്ഞാല്‍ എനിക്ക് അനുഗ്രഹമാണ്. അല്ലെങ്കില്‍ അതിനുള്ള പണവും കൂടെ കണ്ടെത്തേണ്ടി വരുമായിരുന്നു. സാധനങ്ങള്‍ ഡെലിവറി കൊണ്ട് കൊടുക്കുന്ന വാഹനത്തിലായിരുന്നു ഒമാനില്‍ ജോലി ചെയ്തിരുന്നത്. വലിയ പ്രതീക്ഷയോടെ ഗള്‍ഫില്‍ പോയിട്ട് ചെറുതായൊന്ന് പച്ചപിടിച്ച് വരുമ്പോഴാണ് കുടുക്കിയത്. നിര്‍ഭാഗ്യമെന്നെ നാട്ടിലാക്കിയെന്ന് പറയുന്നും അജ്നാസ്. ഇനിയൊരു പ്രവാസമെന്നത് നടക്കുമോയെന്ന് ഉറപ്പില്ലെങ്കിലും പ്രതീക്ഷയിലാണ് അജ്നാസിനെ പോലുള്ളവര്‍.

തുടങ്ങി കുടുങ്ങിയ ഹോട്ടല്‍

വര്‍ഷങ്ങളായി ജോലിയെടുത്ത് ലഭിച്ച സമ്പാദ്യവും നാട്ടിലെ ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ ലോണെടുത്തുമാണ് മലപ്പുറം സ്വദേശിയായ അബ്ദുറഹിമാന്‍ ഒമാനില്‍ ഹോട്ടല്‍ വാങ്ങിയത്. തുടക്കത്തിലൊന്നും വലിയ തരക്കേടില്ലാതെ മുന്നോട്ട് പോയി. കൂടുതല്‍ തൊഴിലാളികളേയും വെച്ചു. ആദ്യ ഘട്ടത്തില്‍ ലഭിച്ച ലാഭം കൊണ്ട് അറ്റകുറ്റ പണികളൊക്കെ തീര്‍ത്ത് ഹോട്ടല്‍ കൂടുതല്‍ മോടി പിടിപ്പിച്ചു.

പൊടുന്നനെയാണ് ഇടിത്തീ പോലെ കോവിഡ് വന്നെത്തുന്നത്. ഒമാനിലെ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഇപ്പോള്‍ രണ്ടു വര്‍ഷമായി വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമാണ് ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിച്ചത്. തൊഴിലാളികളില്‍ ചിലര്‍ പിരിഞ്ഞുപോയി. മാസങ്ങളായി പലര്‍ക്കും ശമ്പളം നല്‍കിയിട്ട്. കെട്ടിടത്തിന്റെ വാടകയും കുടിശ്ശികയായി. നാട്ടിലെ ബാങ്കില്‍ നിന്ന് നോട്ടീസുകളും വീട്ടിലേക്ക് വന്നു തുടങ്ങി. ആദ്യത്തെ ഒരു മാസം ഹോട്ടലില്‍ അരിയും മറ്റും സ്റ്റോക്കുള്ളത് കൊണ്ട് അന്ന് പട്ടിണിയില്ലാതെ പോയിരുന്നു. ഇപ്പോള്‍ ആ ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നുവെന്ന് അബ്ദുറഹിമാന്‍ പറയുന്നു.

‘നിയന്ത്രണങ്ങളില്‍ ചെറിയ ഇളവ് വരുമ്പോള്‍ തുറക്കും. ഉള്ള സാധനങ്ങള്‍ കൊണ്ട് ഭക്ഷണമൊക്കെ ഉണ്ടാക്കി വെക്കും. എന്നാല്‍ അത് അതേ പടി ബാക്കിയാവും. ആളുകള്‍ വരുന്നേയില്ല. ബാങ്കുകളെ പേടിച്ച് ഇട്ടെറിഞ്ഞ് നാട്ടിലേക്ക് വരാനും വയ്യ. ഹോട്ടല്‍ വില്‍പനക്ക് വെച്ചിട്ട് എടുത്ത നാലിലൊന്ന് വിലക്ക് പോലും ആര്‍ക്കും വേണ്ട. എല്ലാവര്‍ക്കും പണം മുടക്കാന്‍ പേടിയാണ്. എത്രകാലം അടച്ചിടലുണ്ടാകുമെന്ന് ഒരു നിശ്ചയമില്ല. നാട്ടിലേക്ക് വന്നിട്ടിപ്പോള്‍ മൂന്ന് വര്‍ഷമായി. ഉറ്റവരെ കാണാനുള്ള ആഗ്രഹമൊളിപ്പിച്ച് നടക്കാന്‍ തുടങ്ങിയിട്ട് നാളെറേയായി’. അബ്ദുറഹിമാന്‍ പറഞ്ഞു.

ബഹുഭൂരിപക്ഷം പ്രവാസികളുടേയും അവസ്ഥ

സ്വന്തമായൊരു വീട്, സഹോദരങ്ങളുടെ വിവാഹം തുടങ്ങിയ സ്വപ്നങ്ങളുമായിട്ടാണ് പലരേയും പോലെ ജാബിറും സൗദി അറേബ്യയിലേക്ക് വിമാനം കയറിയത്. ജിദ്ദയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ 1800 റിയാലിനാണ് ജോലി ചെയ്തിരുന്നത്.  വിസക്കും ടിക്കറ്റിനുമായി മൂന്ന് ലക്ഷത്തോളം മുടക്കിയാണ് സൗദിയിലെത്തിയത്. രണ്ടു വര്‍ഷത്തോളം അവിടെ ജോലി ചെയ്തിട്ടും അതിന്റെ കടം തീര്‍ന്നിട്ടില്ല. ചികിത്സയുടെ ഭാഗമായി ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. കോവിഡ് കാരണം യാത്രവിലക്ക് വന്നതോടെ പിന്നെ പോകാന്‍ പറ്റിയിട്ടില്ല. വന്ന് മൂന്ന് മാസം പിന്നിട്ടപ്പോള്‍ തന്നെ കൈയിലുള്ള പണം തീര്‍ന്നിരുന്നു. പലരില്‍ നിന്നും കടം വാങ്ങി കുറച്ച് കാലം മുന്നോട്ട് പോയി. കോവിഡ് കാരണം നാട്ടിലും പണി കിട്ടുന്നില്ല. ഇടക്ക് ചില്ലറ പണികളൊക്കെ കിട്ടും. വീട്ടില്‍ പട്ടിണി കിടക്കാതിരിക്കാന്‍ ഇത് ഉപാകരപ്പെടും. എന്നാല്‍ സ്വപ്നങ്ങളും പ്രാരാപ്തങ്ങളും അതുപോലെ കിടക്കുകയാണ്. സൗദിയിലേക്ക് തിരിച്ച് പറക്കുകയല്ലാതെ മറ്റു പോംവഴികളൊന്നു മുന്നിലില്ല. സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള പ്രവേശം വിലക്കിയത് കാരണം മറ്റു രാജ്യങ്ങള്‍ വഴിയാണ് പ്രവാസികള്‍ പോകുന്നത്. മാലിദ്വീപും ഖത്തറും വഴി സൗദിയിലേക്കെത്തുന്നതിന് ഒന്നര ലക്ഷത്തോളം രൂപയാണ് ഏജന്റുമാര്‍ ഈടാക്കുന്നത്. അതുണ്ടാക്കാനുള്ള നെട്ടോട്ടത്തിലാണിപ്പോള്‍.

LEAVE A REPLY

Please enter your comment!
Please enter your name here