തിരുവനന്തപുരം ∙ കള്ളപ്പണക്കേസില്‍ കേരള പൊലീസിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്ത് അന്വേഷണം തുടങ്ങി. എറണാകുളം ജില്ലയിലെ തടിയിട്ടപ്പറമ്പ് സ്റ്റഷനിലെ എസ്എച്ച്ഒ സുരേഷ് കുമാര്‍, എഎസ്‌ഐ ജേക്കബ്, വനിത സിവില്‍ പൊലീസ് ഓഫിസര്‍ ജ്യോതി ജോര്‍ജ്, തൃശൂര്‍ കൊടകര സ്റ്റേഷനിലെ എസ്എച്ച്ഒ അയിരുന്ന അരുണ്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.
ഇവരെക്കുറിച്ച് വിവരം തേടി പൊലീസ് മേധാവിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ഇഡി കത്തയച്ചു. ഇവരുടെ സര്‍വീസ് ചരിത്രം ഉള്‍പ്പെടെ കൈമാറണമെന്നാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. കേസെടുത്ത കാര്യം പൊലീസിനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. നാലു പേരും തടിയിട്ടപ്പറമ്പ് സ്‌റ്റേഷനില്‍ ഇരിക്കുന്ന സമയത്ത് കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് ഇഡിക്കു ലഭിച്ച പരാതി.
സ്വകാര്യ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണമെന്ന നിലയിലാണ് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ മുൻപ് അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് നടപടി നേരിട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അറിയിക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ക്കുള്ള കത്തില്‍ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.