ന്യൂഡല്‍ഹി: ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറും ഗുജറാത്തിലെ ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ഡല്‍ഹിയിലെ ഷഹീദ് ഇ-അസം ഭഗത് സിങ് പാര്‍ക്കില്‍ രാഹുല്‍ ഗാന്ധിക്കും ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹര്‍ദിക് പട്ടേലിനുമൊപ്പം ജിഗ്നേഷ് മേവാനിയും കനയ്യ കുമാറും കൈകോര്‍ത്തു. ശേഷം കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയാണ് ഇരുനേതാക്കളും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
#WATCH | CPI leader Kanhaiya Kumar and Gujarat MLA Jignesh Mewani meet Congress leader Rahul Gandhi at Shaheed-E-Azam Bhagat Singh Park, ITO, Delhi pic.twitter.com/gMhDJpbGH9
— ANI (@ANI) September 28, 2021
ഇരുനേതാക്കളും ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഭഗത് സിങ്ങിന്റെ ജന്മവാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 28ന് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു.
ദളിത് നേതാവും ഗുജറാത്തിലെ വഡ്ഗാം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയെ കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തരായ യുവ നേതാക്കളില്ലാത്ത പാര്‍ട്ടിയില്‍ കനയ്യകുമാറിന്റെ വരവ് ബീഹാറില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. സംഘപരിവാറിനെതിരെയുള്ള കനയ്യയുടെ നിലപാടും തീപ്പൊരി പ്രസംഗങ്ങളും ദേശീയതലത്തില്‍ ഗുണമാകുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
പാര്‍ട്ടിയിലെ തന്റെ സ്ഥാനം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കനയ്യ കുമാര്‍ ഒന്നിലധികം തവണ സംസാരിച്ചിരുന്നു. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ കനയ്യ കുമാര്‍ പാര്‍ട്ടിയില്‍ അതൃപ്തനായിരുന്നു. ഇതാണ് കോണ്‍ഗ്രസിലേക്ക് അദ്ദേഹത്തെ അടുപ്പിച്ചത്.
നേരത്തെ പഞ്ചാബിലെ നേതൃമാറ്റത്തില്‍ അടക്കം കോണ്‍ഗ്രസിനെ പ്രശംസിച്ചുകൊണ്ട് ജിഗ്നേഷ് മേവാനി രംഗത്തെത്തിയിരുന്നു. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഗുജറാത്തില്‍ മേവാനിയുടെ വരവ് സഹായകമാകുമെന്നും കോണ്‍ഗ്രസ് കരുതുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് അദ്ദേഹവുമായി സഹകരിച്ചിരുന്നു. മേവാനി മത്സരിച്ച വഡ്ഗാം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല.