തൃശൂർ: ജയിൽ മാറ്റത്തിന് ടി പി വധക്കേസ് പ്രതിയായ കൊടി സുനി പുതിയ നമ്പർ ഇറക്കിയെങ്കിലും അതും അധികൃതർ പൊളിച്ചടുക്കി. കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മിനിഞ്ഞാന്ന് രാത്രി മുതല്‍ നിരാഹാരത്തിലായിരുന്നു സുനി. പക്ഷേ, അധികൃതർ ഗൗനിക്കാത്തതിനാൽ ഇന്ന് രാവിലെ സമരം അവസാനിപ്പിച്ച് ഭക്ഷണം കഴിച്ചുതുടങ്ങി എന്നാണ് റിപ്പോർട്ട്.
വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ പാർപ്പിച്ചിരിക്കുന്ന സുനിക്ക് സെല്ലിന് പുറത്തിറങ്ങി വ്യായാമം ചെയ്യാനോ മറ്റുള്ള തടവുകാരെപ്പോലെ ജോലി ചെയ്യാനോ അനുവാദമില്ല. മറ്റ് തടവുകാരിൽ നിന്ന് വ്യത്യസ്തമായി സുനിയുടെ സെൽ 24 മണിക്കൂറും പൂട്ടിയിടുകയാണ് ചെയ്യാറ്. ഇതിൽ പ്രതിക്ഷേധിച്ചായിരുന്നു നിരാഹാരം നടത്തി നോക്കിയത്. കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്ന സുനിയുടെ അപേക്ഷ നേരത്തെ ഡി ജി പിയും തള്ളിയിരുന്നു.
വിയ്യൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്ന് ആഴ്ചകൾക്കു മുമ്പാണ് സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. സുനിയെ പാർപ്പിച്ചിരിക്കുന്നത് ഗാർഡ് ഓഫീസിന് തൊട്ടടുത്ത സെല്ലിലാണ്. ജയിൽ സൂപ്രണ്ട് ഉൾപ്പെടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ കണ്ണെത്തുന്നിടമാണ് ഇതെന്നതിനാൽ വഴിവിട്ട് ഒന്നും ചെയ്യാൻ കഴിയില്ല. അതിനൊപ്പം അധികൃതരുടെ കർശന നിർദ്ദേശത്തെ തുടർന്ന് സെല്ലിന് കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.