ദുബൈ: ബുധനാഴ്‍ച ഉച്ചയ്‍ക്ക് ശേഷം വെറുതെയിരുന്ന് ഗൂഗിളില്‍ വിനിമയ നിരക്ക് നോക്കിയ യുഎഇയിലെ പ്രവാസികള്‍ ഞെട്ടി. യുഎഇ ദിര്‍ഹത്തിന് 24 ഇന്ത്യന്‍ രൂപയിലും മുകളില്‍ മൂല്യം. തോന്നിയതായിരിക്കുമെന്നും എന്തെങ്കിലും പ്രശ്‍നമായിരിക്കുമെന്നും കരുതി വീണ്ടും വീണ്ടും നോക്കിയപ്പോഴും സംഗതി 24ന് മുകളില്‍ തന്നെ. ഇന്നലെ വരെ 20 രൂപയുടെ അടുത്തൊക്കെ നിന്നിരുന്ന എക്സ്ചേഞ്ച് റേറ്റിന് പെട്ടെന്ന് എന്ത് പറ്റി എന്നറിയാതെ അമ്പരന്ന് പലരും സുഹൃത്തുക്കളെ വിവരമറിയിച്ചു. ഗുഗിളില്‍ നോക്കിയവര്‍ക്കെല്ലാം കിട്ടിയത് 24ന് മുകളില്‍ തന്നെ.
മണി എക്സ്ചേഞ്ച് സെന്ററുകളിലെ ഫോണുകള്‍ക്ക് ഇതോടെ വിശ്രമമില്ലാതെയായി. നിരന്തരം അന്വേഷണങ്ങള്‍. സംഗതി ഇന്നലത്തെപ്പോലെ ഇരുപതിന് അടുത്തൊക്കെ തന്നെ തുടരുന്നുവെന്ന് അറിയിച്ചുവെങ്കിലും വിളിക്കുന്നവര്‍ക്ക് സംശയം മാറുന്നില്ല. ഗൂഗ്ളില്‍ കാണിക്കുന്നുണ്ടല്ലോ എന്നായി. ഒടുവില്‍ ഗൂഗിളിന് പിഴവ് പറ്റിയതായിരിക്കുമെന്ന് എക്സ്ചേഞ്ച് സെന്ററുകള്‍ ഉപഭോക്താക്കളെ അറിയിച്ചതോടെയാണ് പലര്‍ക്കും സമാധാനമായത്. മാസാദ്യത്തില്‍ തന്നെ നാട്ടിലേക്ക് പണം അയച്ച പലരും ഇത്ര വേഗം നിരക്ക് ഉയര്‍ന്നതിനാല്‍ വലിയ നഷ്‍ടം വന്നല്ലോ എന്ന നിരാശയിലായിരുന്നു. എന്നാല്‍ പിഴവാണെന്ന് മനസിലായതോടെ അവര്‍ക്കും ആശ്വാസമായി. ഗൂഗിളും നോക്കി എക്സ്ചേഞ്ച് സെന്ററുകളിലേക്ക് ഓടിയവരുടെ കഥകള്‍ പിന്നാലെ സോഷ്യല്‍ മീഡിയകളിലെ പ്രവാസി പേജുകളില്‍ ട്രോളുകളുമായി.