ഐപിഎല്‍: ദീപക് ഹൂഡ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തെക്കുറിച്ച് അന്വഷിക്കാന്‍ ബിസിസിഐ

0
326

ദുബായ്: ഐപിഎല്ലില്‍(IPL 2021) രാജസ്ഥാന്‍ റോയല്‍സിനെതിരായ(Rajasthan Royals) മത്സരത്തിന് മുന്നോടിയായി പഞ്ചാബ് കിംഗ്സ് (Punjab Kings)താരം ദീപക് ഹൂഡ (Deepak Hooda) ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തെക്കുറിച്ച് ബിസിസിഐ(BCCI ACU) അഴിമതിവിരുദ്ധ സമിതി അന്വേഷിക്കും. മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഹെല്‍മറ്റ് ധരിച്ചുനില്‍ക്കുന്ന ചിത്രത്തിനൊപ്പം ഇതാ നമ്മള്‍ തുടങ്ങുകയായി എന്ന അടിക്കുറിപ്പോടെയുള്ള ചിത്രമാണ് ഹൂഡ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ടീം അംഗങ്ങളില്ലാതെ ഹൂഡയുടെ മാത്രം ചിത്രം പോസ്റ്റ് ചെയ്തതാണ് വിവാദമായത്. ടീമിന് പുറത്തുനിന്നുള്ളവര്‍ക്ക് ടീം കോംബിനേഷനെക്കുറിച്ച് സൂചന നല്‍കുന്നതാണോ ഹൂഡയുടെ ചിത്രമെന്നതിനെക്കുറിച്ചായിരിക്കും അന്വേഷണമെന്ന് ബിസിസിഐ അഴിമതിവിരുദ്ധ സമിതി അംഗത്തെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മത്സരദിവസമായ ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് ഹൂഡ ഇസ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തത്.

കളിക്കാര്‍ മത്സരത്തിന് മുമ്പും ശേഷവും സമൂഹമാധ്യമങ്ങളില്‍ എങ്ങനെ ഇടപെടണമെന്നതിനെക്കുറിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ടെന്നും ഹൂഡ ഇത് ലംഘിച്ചോ എന്നാണ് അന്വേഷിക്കുകയെന്നും അഴിമതിവിരുദ്ധ സമിതി വ്യക്തമാക്കി. കൊവിഡ് മൂലം ഐപിഎല്‍ യുഎഇയിലേക്ക് മാറ്റിയതിനാല്‍ മൂന്ന് വേദികളില്‍ മാത്രമാണ് മത്സരങ്ങള്‍ നടക്കുന്നത്. കളിക്കാരുടെ സ്വതന്ത്രമായ സഞ്ചാരത്തിനും തടസമുണ്ട്.

ഈ സാഹചര്യത്തില്‍ കളിക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കുന്നത് വാതുവെപ്പ് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാല്‍ കളിക്കാരോട് മുന്‍കരുതലെടുക്കണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു. പല താരങ്ങളുടെയും സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ കൈകാര്യം ചെയ്യുന്നത് പി ആര്‍ ഏജന്‍സികള്‍ ആയതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും കളിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here