ദുബായ്∙ നൂറുകണക്കിനു പേർക്ക് ആശ്വാസമേകി, എൻട്രി പെർമിറ്റുകാരുടെ പ്രവേശനം ദുബായ് പുനരാരംഭിച്ചു. ഇതിനു പുറമേ, യുഎഇയിലെ മറ്റ് എമിറേറ്റുകളിലേക്കു പോകേണ്ടവർക്ക് ദുബായിൽ ഇറങ്ങാനുള്ള അനുമതിയും നൽകുന്നുണ്ട്. ഓഗസ്റ്റ് രണ്ടാം വാരം എൻട്രി പെർമിറ്റുകാർക്കു പ്രവേശനാനുമതി നൽകിയെങ്കിലും പിന്നീടു നിർത്തിവച്ചിരുന്നു.
∙ പുതിയ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ രാജ്യത്തേക്ക് പ്രവേശിക്കാൻ ലഭിക്കുന്ന അനുമതി പത്രമാണ് എൻട്രി പെർമിറ്റ്. ഇതുള്ളവർക്ക് ദുബായിലെത്താൻ ജിഡിആർഎഫ്എയുടെ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ അതോറിറ്റി) പ്രത്യേക അനുമതി വേണ്ട.
∙ യാത്രയുടെ 48 മണിക്കൂർ കാലാവധിയിൽ എടുത്ത ആർടിപിസിആർ കോവിഡ് നെഗറ്റീവ് പരിശോധനാ ഫലവും വിമാനത്താവളത്തിൽ 6 മണിക്കൂർ സമയപരിധിയിൽ ലഭിക്കുന്ന ആർടിപിസിആർ ഫലവും കയ്യിൽ കരുതണം.
∙ ദുബായിലേക്കു യാത്ര ചെയ്യുന്ന താമസവീസക്കാരിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ജിഡിആർഎഫ്എയിൽ അപ്‌ലോഡ് ചെയ്യുന്നവർക്കാണു പെട്ടെന്ന് അനുമതി ലഭിക്കുന്നത്.
∙ ഇതര എമിറേറ്റുകളിലേക്കു പോകാനായി ദുബായിൽ എത്തുന്ന താമസവീസക്കാർ ഐസിഎ(ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്) അനുമതി നേടണം.
∙ ദുബായ് ഒഴികെ ഇതര എമിറേറ്റുകളിലേക്ക് എത്തേണ്ടവർ https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals എന്ന സൈറ്റിൽ റജിസ്റ്റർ ചെയ്യണം.
∙ ഷാർജയിലേക്ക് എൻട്രി പെർമിറ്റുകാർക്കു തത്വത്തിൽ പ്രവേശനാനുമതി ഉണ്ടെങ്കിലും ടിക്കറ്റുകൾ നൽകിത്തുടങ്ങിയിട്ടില്ല.
∙ ഷാർജ, അബുദാബി, റാസൽഖൈമ എമിറേറ്റുകളിലെത്തുന്ന സന്ദർശകവീസക്കാർ ലോകാരോഗ്യസംഘടന അംഗീകരിച്ച വാക്സീൻ 2 ഡോസും എടുത്തിരിക്കണം.
∙ദുബായിൽ വിവിധ കമ്പനികൾ തൊഴിൽ വീസ നൽകിത്തുടങ്ങി.
ഇന്ത്യക്കാർ ഇന്നു മുതൽ ഒമാനിലേക്ക്
മസ്കത്ത് ∙ 4 മാസത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യയിലെ താമസവീസക്കാരും പുതിയ വീസക്കാരും ഇന്നു മുതൽ ഒമാനിലെത്തും. ഉച്ചയ്ക്ക് 12നാണു യാത്രാവിലക്ക് നീങ്ങുക. 6 മാസത്തിൽ കൂടുതൽ ഇന്ത്യയിൽ കഴിഞ്ഞവർക്കും മടങ്ങാമെങ്കിലും തൊഴിലുടമ അപേക്ഷ നൽകി വീസ പുതുക്കണം.
അസ്ട്രസെനക (കോവിഷീൽഡ്), ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ, സിനോഫാം, സിനോവാക്, സ്പുട്നിക് 5 എന്നിങ്ങനെ ഒമാനിൽ അംഗീകാരമുള്ള കോവിഡ് വാക്സീൻ സ്വീകരിച്ചവരേ യാത്ര ചെയ്യാവൂ. 18 വയസ്സിൽ താഴെയുള്ളവർക്കും വാക്‌സീൻ സ്വീകരിക്കാൻ ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ഇളവുണ്ട്.
9 മണിക്കൂറിൽ കുറയാതെ യാത്ര ചെയ്യേണ്ടവർക്ക് 96 മണിക്കൂറിനകവും മറ്റുള്ളവർക്ക് 72 മണിക്കൂറിനകവുമുള്ള പിസിആർ നെഗറ്റീവ് രേഖ വേണം. തരാസുദ് ആപ്പിൽ വാക്സീൻ, പിസിആർ രേഖ അപ് ലോഡ് ചെയ്യണം.
Content Highlight: Dubai, Entry permit