ഉപ്പള: ഉപ്പളയിലും പരിസരത്തും ദേശീയപാതയോരത്ത് വാഹനങ്ങളിലെത്തി മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടിയുമായി മംഗല്‍പാടി പഞ്ചായത്ത്. ദേശീയപാതയോരത്ത് വിവിധ സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ തള്ളിയ 30ലേറെ വാഹന ഉടമകള്‍ക്ക് പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കി.
വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമടക്കമുള്ള മാലിന്യങ്ങള്‍ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഉപ്പള, കൈക്കമ്പ, റെയില്‍വെ ഗേറ്റിന് സമീപം തുടങ്ങിയ ഇടങ്ങളില്‍ കൊണ്ടുതള്ളുകയാണ്. ഇരുചക്ര വാഹനങ്ങള്‍, കാര്‍, ഓട്ടോ തുടങ്ങിയ വാഹനങ്ങളിലാണ് മാലിന്യങ്ങള്‍ തള്ളുന്നത്.
ഇത്തരം വാഹനങ്ങള്‍ക്ക് 3000 രൂപവീതം പിഴയടക്കാനാണ് നോട്ടീസ് നല്‍കിയിട്ടുള്ളതെന്ന് പഞ്ചായത്ത് അസി. സെക്രട്ടറി ദീപേഷ് പറഞ്ഞു. പിഴ അടച്ചില്ലെങ്കില്‍ ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകാനാണ് പഞ്ചായത്ത് തീരുമാനം.
മാലിന്യങ്ങള്‍ തള്ളുന്ന വാഹനങ്ങളുടെ നമ്പറുകള്‍ നിരീക്ഷിക്കാന്‍ സ്‌ക്വാഡ് അംഗങ്ങളെ പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും തുടര്‍ന്ന് നടപടി സ്വീകരിക്കുകയും ചെയ്യും.
ദേശീയപാതയോരത്ത് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതോടെ വ്യാപാരികള്‍ക്കും പരിസരവാസികള്‍ക്കും ദുരിതമായി മാറിയിട്ടുണ്ട്.
മാലിന്യങ്ങളില്‍ നിന്ന് ഭക്ഷിക്കാന്‍ നായക്കൂട്ടമെത്തുന്നതും നായകള്‍ വാഹനയാത്രക്കാരുടെ നേര്‍ക്ക് തിരിയുന്നതും കടിച്ചുപരിക്കേല്‍പിക്കുന്നതുമടക്കമുള്ള സംഭവങ്ങളും പതിവാണ്.