തൃക്കരിപ്പൂർ ∙ കോവിഡ് പരിശോധനയിൽ നെഗറ്റീവ് രേഖപ്പെടുത്തിയ കുടുംബത്തിനു വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവ്. വിദേശത്തേക്ക് പുറപ്പെട്ട കുടുംബത്തിന്റെ യാത്ര മുടങ്ങി. നാട്ടിലെത്തി വീണ്ടും പരിശോധിച്ചപ്പോൾ പിന്നെയും നെഗറ്റീവ്. തൃക്കരിപ്പൂർ ആയിറ്റിയിലെ യു.പി.മുജീബ് റഹ്മാനും കുടുംബത്തിനുമാണ് കോവിഡ് പരിശോധനയിലെ മറിമായം ദുരിതമായത്.
ഷാർജയിലേക്കു പുറപ്പെട്ടതായിരുന്നു കുടുംബം. മുന്നോടിയായി നാട്ടിൽ ആർടിപിസിആർ പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മുജീബ് റഹമാനും ഭാര്യയും റാപ്പിഡ് പരിശോധനയ്ക്ക് വിധേയരായപ്പോൾ ഇരുവർക്കും പോസിറ്റീവ് കാണിച്ചു. അബുദാബിയിൽ നിന്നു 2 ഡോസ് വാക്സിൻ സ്വീകരിച്ചവരായിരുന്നു രണ്ടു പേരും.
റാപ്പിഡ് പരിശോധനയിൽ പോസിറ്റീവ് രേഖപ്പെടുത്തിയതിനാൽ വിമാനയാത്ര അനുവദിച്ചില്ല. ഇതോടെ 2 കുട്ടികൾ ഉൾപ്പെടുന്ന കുടുംബം നാട്ടിലേക്കു മടങ്ങി. നാട്ടിലെത്തി വീണ്ടും ആർടിപിസിആർ പരിശോധനക്ക് വിധേയരായപ്പോൾ വീണ്ടും നെഗറ്റീവാണ് രേഖപ്പെടുത്തിയത്. നാട്ടിൽ രണ്ടു പരിശോധനയിലും നെഗറ്റീവായവർ വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവായത് എങ്ങനെയെന്നു വ്യക്തതയില്ല. കുടുംബത്തിനു യാത്ര മുടങ്ങിയതോടെ പണവും നഷ്ടമായി.