ഗുവാഹത്തി: അനധികൃത കുടിയേറ്റം ഒഴിപ്പിക്കലിന്‍റെ ( anti-encroachment drive) പേരില്‍ അസമില്‍(Assam) നടന്ന വെടിവയ്പില്‍ (Assam Violence) കൊല്ലപ്പെട്ട 12കാരന്‍റെ ദാരുണാന്ത്യം ആധാര്‍ കാര്‍ഡ് (Aadhaar Card) വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍. ഷാഖ് ഫരീദ് (Shakh Farid) എന്ന 12 കാരനാണ് പ്രാദേശിക പോസ്റ്റ് ഓഫീസില്‍ നിന്ന് ആധാര്‍ കാര്‍ഡ് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് പൊലീസ് വെടിവയ്പുണ്ടായത്.
ധോല്‍പൂരില്‍ 800ഓളം കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്. സര്‍ക്കാരിന്‍റെ കാര്‍ഷിക പദ്ധതിക്ക് വേണ്ടിയായിരുന്നു ഈ ഒഴിപ്പിക്കല്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സ്ഥലത്ത് നിന്ന് ഒഴിഞ്ഞ് പോകാനുള്ള നോട്ടീസോ അല്ലെങ്കില്‍ നിര്‍ദ്ദേശങ്ങളോ ലഭിച്ചില്ലെന്നാണ് ഫരീദിന്‍റെ കുടുംബം എന്‍ഡി ടിവിയോട് വിശദമാക്കുന്നത്. നാലുമക്കളില്‍ ഏറ്റവും ഇളയവനാണ് ഫരീദ്. വ്യാഴാഴ്ച പൊലീസും ഗ്രാമീണരും തമ്മില്‍ സംഘര്‍ഷമുണ്ടായ സ്ഥലത്ത് നിന്നും നാലുകിലോമീറ്റര്‍ അകലെയാണ് ഫരീദിന്‍റെ വീട്. ആളുകള്‍ പ്രതിഷേധിക്കുന്നത് കണ്ടപ്പോള്‍ വിവരം അറിയാന്‍ വേണ്ടി നിന്ന പന്ത്രണ്ടുകാരനെ പൊലീസിന്‍റെ വെടിയേല്‍ക്കുകയായിരുന്നു.
മുന്‍പില്‍ നിന്നാണ് ഫരീദിന് വെടിയേറ്റതെന്നും നെഞ്ചിലാണ് വെടിയുണ്ട തുളച്ച് കയറിയതെന്നുമാണ് ഫരീദിന്‍റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ജൂണിലാണ് ഈ സ്ഥലം തിരികെ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അനധികൃത കുടിയേറ്റക്കാര്‍ക്ക് ഒഴിഞ്ഞുപോകല്‍ നോട്ടീസ് നല്‍കിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നു. പൊലീസ് വെടിവെപ്പില്‍ വെടിയേറ്റയാളുടെ നെഞ്ചില്‍ ആഞ്ഞുചവിട്ടുന്ന ഫോട്ടോഗ്രാഫറുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പൊലീസുകാരോടൊപ്പം ചേര്‍ന്നാണ് ഫോട്ടോഗ്രാഫര്‍ വെടിയേറ്റയാളുടെ നെഞ്ചില്‍ ആഞ്ഞ് ചവിട്ടുന്നതും തല്ലുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ടുപേരാണ് അസമില്‍ നടന്ന പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്.
ഒഴിപ്പിക്കല്‍ നടപടികള്‍ ചിത്രീകരിക്കാന്‍ ജില്ലാ ഭരണാധികാരികള്‍ ജോലിക്ക് വിളിച്ചതായിരുന്നു ഈ ഫോട്ടോഗ്രാഫറെ. വെടിവയ്പിനേക്കുറിച്ച് വ്യാപക വിമര്‍ഷനം ഉയര്‍ന്നതിന് പിന്നാലെ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അനധികൃതമായി വെട്ടിപിടിച്ച സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നാണ് സര്‍ക്കാര്‍ വാദം. ദാരാങ് ജില്ലാ അധികൃതര്‍ ഇതുവരെ 800ഓളം കുടുംബങ്ങളെ ഒഴിപ്പിച്ച് 202 ഹെക്ടര്‍ ഭൂമി തിരിച്ചുപിടിച്ചെന്നും സര്‍ക്കാര്‍ വിശദമാക്കിയിട്ടുണ്ട്.