ഹരിത നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന. ആരോപണ വിധേയരായ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉള്‍പ്പടെയുള്ള നേതാക്കളെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമായതയാണ് റിപ്പോർട്ട്. ഹരിത നേതാക്കൾ വനിത കമ്മീഷന് നൽകിയ പരാതിയും പിൻവലിച്ചേക്കും.
പി.കെ നവാസിനെ രണ്ട് ആഴ്ചത്തേക്ക് സസ്പെൻഡ് ചെയ്യും. കബിർ മുതുപറമ്പ്, വി.എ.അബ്ദുൽ വഹാബ് എന്നീ നേതാക്കൾക്കെതിരെയും നടപടിയുണ്ടാകും. ഇന്ന് ഉച്ചയോടെ മുസ്ലീം ലീഗ് തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന. പ്രശ്‌നപരിഹാരത്തിനായി കഴിഞ്ഞ ദിവസം മലപ്പുറം ലീഗ് ഹൗസിൽ നടന്ന ചർച്ചയിലാണ് തീരുമാനമുണ്ടായത്. ആഴ്ചകളായി എം.എസ്.എഫിൽ നിലനിൽക്കുന്ന പ്രതിസന്ധിക്കാണ് ഇതോടെ വിരാമമാകുന്നത്.
‘ഹരിത’ സംസ്ഥാന ഭാരവാഹികൾക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വി.എ. വഹാബ് എന്നിവർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ മുസ്ലീം ലീഗ് ഉന്നത നേതൃത്വം ഇരു വിഭാഗവുമായും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നും, കുറ്റക്കാര്‍ മാപ്പു പറയണമെന്നുമുള്ള നിലപാടാണ് യോഗത്തില്‍ ഹരിത വിഭാഗം എടുത്തത്.
അതേസമയം പി.കെ നവാസ് പക്ഷം ഇതിനെ എതിർത്തു. എന്നാൽ പ്രശ്‌നം നീട്ടികൊണ്ടു പോകാന്‍ സാധിക്കില്ലെന്നും ഉടന്‍ പരിഹാരമുണ്ടാക്കി എല്ലാം അവസാനിപ്പിക്കണമെന്നും ലീഗ് നേതൃത്വം നിലപാട് എടുത്തു. മാപ്പു പറയുന്നതില്‍ തുടക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച പി.കെ നവാസ്, നേതൃത്വം മുന്നോട്ടുവെക്കുന്ന ആവശ്യം അംഗീകരിക്കുമെന്ന് പിന്നീട് വ്യക്തമാക്കുകയായിരുന്നു
മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.കെ. മുനീർ എം.എൽ.എ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, മലപ്പുറം ജില്ല പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരാണ് സംസാരിച്ചത്.