ഹരിത- MSF തര്‍ക്കം പരിഹരിച്ചതായി മുസ്ലിം ലീഗ്; നവാസിനെതിരെ നടപടിയില്ലാത്തതില്‍ ഹരിതയില്‍ പ്രതിഷേധം

0
257

കോഴിക്കോട്: വനിതാ നേതാക്കളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിയില്ലാതെ മുസ്ലിം ലീഗിന്റെ തീര്‍പ്പ്. അധിക്ഷേപ പരാമര്‍ശങ്ങളില്‍ എംഎസ്എഫ് നേതാക്കള്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കുമെന്നും ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്നും മുസ്ലിം ലീഗ് നേതാക്കള്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഹരിതയെ മരവിപ്പിച്ച നടപടിയും പിന്‍വലിച്ചിട്ടുണ്ട്. അതേസമയം നവാസിനെതിരെ നടപടിയില്ലാത്തതില്‍ ഹരിതാ നേതാക്കള്‍ക്ക് പ്രതിഷേധമുണ്ട്. ഹരിത വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിച്ചേക്കില്ലെന്നാണ് സൂചന.

ഇന്നലെ രാത്രി ഏറെ വൈകിയും തുടര്‍ന്ന യോഗത്തിലാണ് മുസ്ലിം ലീഗ് ഒത്തു തീര്‍പ്പ് ഫോര്‍മുല തയ്യാറാക്കിയത്. വനിതാ നേതാക്കള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ എംഎസ്എഫ് നേതാക്കള്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കണം. ഒപ്പം ഹരിതയെ മരവിപ്പിച്ച നടപടി പിന്‍വലിക്കും. വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ നിന്ന് ഹരിതയും പിന്‍മാറും. ഇതായിരുന്നു ഫോര്‍മുല. എംഎസ്എഫ് നേതാക്കന്‍മാര്‍ നടത്തിയ പരാമര്‍ശം ദുരുദ്ദേശപരമല്ലെങ്കിലും അസ്ഥാനത്തായിരുന്നുവെന്നും തെറ്റ് അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ലീഗ് വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.

തൊട്ടുപിന്നാലെ എം എസ് എഫ് പ്രസിഡന്റ് പി കെ നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നു. സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ താന്‍ നടത്തിയിട്ടില്ല. എങ്കിലും തെറ്റിദ്ധരിച്ചോ അല്ലാതെയോ വനിതാ നേതാക്കള്‍ക്ക് പ്രയാസമുണ്ടായതില്‍ ഖേദിക്കുന്നു. ഇതാണ് കുറിപ്പ്.

പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്ന് മുസ്ലിം ലീഗ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചെങ്കിലും കാര്യങ്ങള്‍ അങ്ങിനെയല്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. നവാസിനെതിരെ നടപടിയില്ലാത്തതില്‍ ഹരിതയില്‍ പ്രതിഷേധമുണ്ട്. ഹരിത നേതാക്കള്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കാന്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഹരിത പരാതി പിന്‍വലിക്കുന്ന കാര്യത്തില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നായിരുന്നു മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. അതേസമയം ഹരിതയുമായി ആലോചിച്ചാണ് തീരുമാനമെന്നും തര്‍ക്കങ്ങള്‍ അവസാനിച്ചുവെന്നും എം കെ മുനീര്‍ വ്യക്തമാക്കി.

മലപ്പുറം ജില്ലാ ഹരിത കമ്മിറ്റിയില്‍ ആവശ്യമായ മാറ്റങ്ങളുണ്ടാക്കുമെന്ന് ലീഗ് അറിയിച്ചു. എം എസ് എഫ് ജില്ലാ സംസ്ഥാന കമ്മിറ്റികളില്‍ കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും. എംഎസ്എഫും ഹരിതയും യോജിച്ച് പോകുന്നതിന് നേതാക്കളുടെ നിയന്ത്രണത്തില്‍ പ്രത്യേക സെല്‍ രൂപീകരിക്കുമെന്നും ലീഗ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ലീഗ് വാര്‍ത്താ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം…

മുസ്ലിംലീഗിന്റെ പോഷക സംഘടനയായ എം.എസ്.എഫ്, ഹരിത ഭാരവാഹികള്‍ക്കിടയില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്നു വരികയുണ്ടായി. പല ഘട്ടങ്ങളിലായി നേതാക്കള്‍ ഇക്കാര്യം ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയിരുന്നു. അതിനിടെ എം.എസ്.എഫ് നേതാക്കളുടെ ചില പരാമര്‍ശങ്ങളും, ഹരിത വനിതാകമ്മീഷന് നല്‍കിയ പരാതിയും ഏറെ വിവാദങ്ങള്‍ക്കിടയാക്കി. മുസ്ലിംലീഗ് നേതൃത്വം ഇതു സംബന്ധിച്ച് ഒരു താല്‍ക്കാലിക നടപടി സ്വീകരിച്ചു. ഹരിതയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിക്കുകയും എം.എസ്.എഫ് നേതാക്കള്‍ക്ക് ഷോകോസ് നോട്ടീസ് നല്‍കുകയും ചെയ്യുകയുണ്ടായി . സംഘടനാപരവും അല്ലാത്തതുമായ കാര്യങ്ങള്‍ തുറന്ന ചര്‍ച്ചകളിലൂടെയും അനുരജ്ഞന ശ്രമങ്ങളിലൂടെയും പരിഹാരമുണ്ടാക്കുന്ന മാര്‍ഗമാണ് മുസ്ലിംലീഗ് ഇതപര്യന്തം അവലംബിച്ചു പോന്നിട്ടുള്ളത്. ഇതിന്റെ ഭാഗമായി തുടര്‍ചര്‍ച്ചകള്‍ നടക്കുകയും താഴെ പറയുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു.

എം.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് കബീര്‍ മുതുപറമ്പ് ജനറല്‍ സിക്രട്ടറി വി.എ വഹാബ് എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അസ്ഥാനത്തായിരുന്നു. ഈ കാര്യം അവര്‍ക്ക് ബോധ്യപ്പെട്ടു. പ്രസ്തുത പരാമര്‍ശം അവര്‍ ദുരുദ്ദേശപരമായി പറഞ്ഞതല്ല, എങ്കിലും ഇതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി അവര്‍ വ്യക്തമാക്കി.ഇക്കാര്യം അവര്‍ ഫേസ്ബുക്കിലൂടെയും അറിയിക്കുന്നതാണ്. ഹരിത വനിതാകമ്മീഷനു നല്‍കിയ പരാതി പിന്‍വലിക്കുന്നതാണ്. എം എസ് എഫ് നേതാക്കള്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍ നടപടികള്‍ ഉണ്ടാകില്ല. ഹരിതയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിച്ച നടപടി പിന്‍വലിക്കും. ഹരിതയും എം.എസ്.എഫും ഒരു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളായത് കൊണ്ട് കൂടുതല്‍ യോജിച്ച് പോകുന്നതിന് ആവശ്യമായ ചര്‍ച്ചകളും പരാതി പരിഹാര സംവിധാനങ്ങളും ആവശ്യമാണെന്ന് പാര്‍ട്ടി കരുതുന്നു. ഇതിന്നായി പാര്‍ട്ടി നേതാക്കളുടെ നിയന്ത്രണത്തില്‍ ഇരു സംഘടനകളുടെയും പ്രാതിനിധ്യത്തോടെ ഒരു പ്രത്യേക സെല്‍ രൂപീകരിക്കുന്നതാണ്.

എം.എസ്.എഫിന്റെ ജില്ലാ സംസ്ഥാന കമ്മിറ്റികളില്‍ വനിതാ പ്രാതിനിധ്യം പാര്‍ട്ടി ഉറപ്പുവരുത്തും. ഇതിനനുസൃതമായി എം.എസ്.എഫ്, ഹരിതഭരണഘടനകളില്‍ കാലോചിതമായ മാറ്റങ്ങളുണ്ടാക്കും. മലപ്പുറം ജില്ലാ ഹരിതകമ്മിറ്റിയില്‍ ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാവും. എം.എസ്.എഫ്, ഹരിതസംഘടനകള്‍ വിദ്യാഭ്യാസ മേഖലയില്‍ സി.എച്ചിന്റെ
സ്വപ്ന സാക്ഷാല്‍ക്കാരത്തിനായി ശബളിമയാര്‍ന്ന പങ്കു വഹിച്ചതായിമുസ്ലിംലീഗ് വിലയിരുത്തുന്നു. ദേശീയ സംസ്ഥാന തലത്തിലെ മകാലീനവും സങ്കീര്‍ണ്ണവുമായ വിദ്യാഭ്യാസ പ്രതിസന്ധികളെ ശക്തിയുക്തം നേരിടുന്നതിലും- ഇരു സംഘടനകളും പ്രതിബദ്ധത ആവര്‍ത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here