സ്‌പെഷ്യല്‍മാര്യേജ് ആക്ടില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തിയ യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ച ജില്ലാ മജിസ്‌ട്രേറ്റിനെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ്

0
279

ന്യൂദല്‍ഹി: സ്പെഷ്യല്‍ മാര്യേജ് ആക്ട്പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ സമര്‍പ്പിച്ച യുവതിയുടെ ബന്ധുക്കളെ വിവാഹ വിവരം അറിയിച്ച ജില്ലാ മജിസ്ട്രേറ്റിന് ദല്‍ഹി ഹൈക്കോടതിയുടെ കാരണം കാണിക്കല്‍ നോട്ടീസ്.

ദല്‍ഹി സൗത്ത് വെസ്റ്റ് സ്പെഷ്യല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ചന്ദ്രശേഖറിനാണ് കോടതി നോട്ടീസ് അയച്ചത്. വിവാഹ ശേഷം ദമ്പതികള്‍ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ നടപടി.

ഇത്തരമൊരു നീക്കം മജിസ്‌ട്രേറ്റിന്റെ ഭാഗത്ത് നിന്നുമുണ്ടായത് അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് നജ്മി വാസിരി നിരീക്ഷിച്ചു. ഇത് സ്പെഷ്യല്‍ മാര്യേജ് ആക്ടിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ച്ചക്കുളളില്‍ വിഷയത്തില്‍ ചന്ദ്രശേഖര്‍ മറുപടി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കേസില്‍ സെപ്റ്റംബര്‍ എട്ടിന് കോടതി വീണ്ടും വാദം കേള്‍ക്കും.

‘വിവാഹവിവരം അറിയിച്ചുകൊണ്ട് മജിസ്‌ട്രേറ്റിന്റെ കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ അവരെ തടഞ്ഞു വെക്കുകയുണ്ടായി. തുടര്‍ന്ന് യുവതിയുടെ സുഹൃത്ത് ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചതിനേത്തുടര്‍ന്നാണ് അവരെ മോചിപ്പിച്ചത്’, 2009ലെ കോടതി വിധി ഉദ്ധരിച്ച് ദമ്പതികള്‍ക്കു വേണ്ടി ഹാജറായ അഡ്വക്കേറ്റ് ഉട്കാര്‍ഷ് സിംഗ് പറഞ്ഞു.

‘സ്പെഷ്യല്‍ മാര്യേജ് ആക്ട്പ്രകാരം വിവാഹിതരാകാന്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ വിശദാംശങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പതിപ്പിക്കാം. വേറെ ആര്‍ക്കും ഈ വിവരങ്ങള്‍ കൈമാറാന്‍ പാടില്ല. 1954ലെ സ്പഷ്യല്‍ മാര്യേജ് ആക്ടില്‍ ഇത് വ്യക്തമാക്കുന്നുണ്ട് ,’ എന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 25നായിരുന്നു കേസിനാസ്പദമായ സംഭവം. മുസ്‌ലീം സമുദായത്തില്‍പ്പെട്ട യുവതിയും ഹിന്ദു വിഭാഗത്തില്‍പ്പെട്ട യുവാവും തമ്മിലായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ 2009ലെ കോടതി വിധി ലംഘിച്ച് സ്വകാര്യമായി സൂക്ഷിക്കേണ്ട വിശദാംശങ്ങള്‍ മജിസ്‌ട്രേറ്റ് കക്ഷികളുടെ ബന്ധുക്കള്‍ക്ക് അയച്ചു നല്‍കുകയായിരുന്നു.

ഇതിനേത്തുടര്‍ന്ന് യുവതിയുടെ അച്ഛനും സഹോദരനും ചേര്‍ന്ന് അവരെ തടഞ്ഞു വെച്ചു.  ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചതിനേത്തുടര്‍ന്ന് കോടതിയില്‍ ഹാജരായ യുവതി, തന്നെ യുവാവിനൊപ്പം പോകാന്‍ അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. 2020 മെയ് മാസത്തില്‍ ഇവര്‍ വിവാഹിതരാവുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here