ഉപ്പള: ഷിറിയ പുഴയ്ക്ക് കുറുകെ കുമ്പള പഞ്ചായത്തിലെ ബമ്പ്രാണ -മംഗൽപാടി പഞ്ചായത്തിലെ ഇച്ചിലങ്കോട് പ്രദേശങ്ങളെ ബന്ധിപ്പിച്ച് ഷിറിയ പുഴയ്ക്ക് കുറുകെ 30 കോടി ചിലവിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണത്തിന് ആർഐഡിഎഫിൽ ഉൾപ്പെടുത്തി നബാർഡിൽ സമർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി എകെഎം അഷ്‌റഫ് എംഎൽഎ അറിയിച്ചു.
നിലവിലുള്ള കാലഹരണപ്പെട്ട ബംബ്രാണ അണക്കെട്ടിന് മുകൾ വശത്തായി നിർമിക്കാനുദ്ദേശിക്കുന്ന 118 മീറ്റർ നീളമുള്ള ഉപ്പുവെള്ള പ്രതിരോധ റെഗുലേറ്റർ കം ബ്രിഡ്ജാണിത്, അറബിക്കടലിൽ നിന്നുള്ള ഉപ്പുവെള്ളം പ്രതിരോധിക്കാനും കുമ്പള, മംഗൽപാടി പഞ്ചായത്തുകളിലെ 999 ഹെക്ടർ കൃഷി ഭൂമി പരിപാലിക്കാനും പദ്ധതികൊണ്ട് ലക്ഷ്യമിടുന്നു.
ഇതുവഴി പരിസരപ്രദേശങ്ങളും ഭൂഗർഭജലനിരപ്പ് ഉയർത്താൻ സഹായകമാകും. നബാർഡ് അംഗീകാരം ലഭ്യമാകുന്ന മുറക്ക് ഭരണാനുമതി, സാങ്കേതികാനുമതി എന്നിവ നൽകി ടെൻഡർ നടപടികളിലേക്ക് കടക്കുമെന്ന് എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.