കൊച്ചിയിലെ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും വിലപിടിപ്പുള്ള മൊബൈൽ ഫോണും തട്ടിയ കേസില്‍ രണ്ടു യുവതി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. ഉദുമ അരമങ്ങാനത്തെ ഉമ്മര്‍ (50), ഭാര്യ ഫാത്തിമ (45), കാസര്‍കോട് ചൗക്കിയില്‍ താമസിക്കുന്ന നായന്മാര്‍മൂലയിലെ സാജിദ (36), കണ്ണൂര്‍ ചെറുതാഴത്തെ ഇക്ബാല്‍ (62) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ് ഐ കെ പി സതീശന്‍ അറസ്റ്റ് ചെയ്തത്. കടവന്ത്രയിലെ സി എ സത്താറിന്റെ പരാതിയില്‍ ആലാമിപ്പള്ളി കല്ലഞ്ചിറയിലെ വാടകവീട്ടില്‍നിന്നാണ് സംഘത്തെ പിടികൂടിയത്.
സത്താറുമായി സൗഹൃദമുണ്ടാക്കി കെണിയില്‍പ്പെടുത്തുകയായിരുന്നു. ഉമ്മര്‍ – ഫാത്തിമ ദമ്പതികളുടെ മകളാണെന്ന് പരിചയപ്പെടുത്തി സാജിദയെ കഴിഞ്ഞ രണ്ടിന് സത്താറിന് വിവാഹം ചെയ്തുകൊടുത്തു. ഇക്ബാലാണ് സത്താറിനെ ഉമ്മറുമായി ബന്ധപ്പെടുത്തിയത്. തുടര്‍ന്ന് നവദമ്പതികളെ കല്ലഞ്ചിറയിലെ വാടകവീട്ടില്‍ താമസിപ്പിച്ചു. സത്താറിന് വേറെ ഭാര്യയും മക്കളുമുണ്ടെന്നറിഞ്ഞ പ്രതികള്‍ സാജിദയുടെ സഹായത്തോടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെട്ടു.
മുന്നേമുക്കാല്‍ ലക്ഷം രൂപയും ഏഴരപവന്റെ സ്വര്‍ണ്ണമാലയുമാണ് സംഘം തട്ടിയെടുത്തത്. കല്യാണം കഴിച്ച കാര്യം കൊച്ചിയിലെ ബന്ധുക്കള്‍ അറിയാതിരിക്കാനാണ് സത്താര്‍ പണം നല്‍കിയത്. എന്നാല്‍ പിന്നീട് വീണ്ടും ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് സത്താറിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്. മുന്‍സംഭവങ്ങളില്‍ നിന്നും വ്യത്യസ്തമായി മധ്യവയസ്‌കരെ കല്യാണം കഴിച്ചാണ് പുതിയ ബ്ലാക്ക്‌മെയില്‍ രീതികള്‍ ഇവര്‍ പുറത്തെടുത്തത്.
വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ ഏഴു ലക്ഷംകൂടി ആവശ്യപ്പെട്ടതോടെയാണ് സത്താര്‍ പൊലീസില്‍ പരാതി നല്‍കിയത്. കൂടുതലാളുകളെ സംഘം കബളിപ്പിച്ചതായും പൊലീസ് സംശയിക്കുന്നു. സാജിദയെ ഉപയോഗപ്പെടുത്തി കാസര്‍കോട്ടെയും പരിസരത്തെയും നിരവധി പേരെ സംഘം കെണിയില്‍ പെടുത്തിയിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സാജിദ മിസ്‌കോള്‍ അടിച്ചാണ് തട്ടിപ്പിന് തുടക്കം ഇടുന്നത്. സാജിദയുടെ നമ്പറിലേക്ക് തിരികെ വളിക്കുന്നവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരെ പ്രത്യേക സ്ഥലത്തേക്ക് യുവതി വിളിപ്പിക്കും. തുടര്‍ന്ന് യുവതിക്കൊപ്പം നിര്‍ത്തി സംഘം ദൃശ്യങ്ങള്‍ പകര്‍ത്തും. പിന്നീട് ഈ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് സംഘം ചെയ്തിരുന്നത്. ഇത്തരത്തിലായിരുന്നു കാസര്‍കോടുള്ള വ്യാപാരി തട്ടിപ്പില്‍ കുടുങ്ങിയത്. 48000 രൂപയാണ് വ്യാപാരിയില്‍ നിന്ന് ആദ്യം സംഘം തട്ടിയെടുത്ത്. പിന്നീട് വീണ്ടും കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെ വ്യാപാരി പൊലീസിനെ സമീപിക്കുകയായിരുന്നു.