വാഹന രജിസ്‌ട്രേഷൻ പൂർണമായും ഷോറൂമിലേക്ക്; അപേക്ഷ പരിശോധിക്കുംമുമ്പേ നമ്പർ നൽകും

0
238

തിരുവനന്തപുരം: പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പൂർണമായും ഷോറൂമിലേക്ക്‌ മാറ്റുന്നു. ഡീലർ അപേക്ഷ സമർപ്പിക്കുമ്പോൾതന്നെ നമ്പർ അനുവദിക്കുന്ന വിധത്തിൽ വാഹൻ സോഫ്റ്റ്‌വേറിൽ മാറ്റംവരുത്തും.

ഓൺലൈൻ അപേക്ഷ പരിശോധിച്ച് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ രജിസ്‌ട്രേഷൻ അനുവദിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇതിൽ താമസം നേരിടുന്നെന്ന് വിൽപ്പനക്കാരുടെ പരാതിയുണ്ടായിരുന്നു. അനുവദിക്കുന്ന നമ്പറിൽ, അതിസുരക്ഷാ നമ്പർ പ്ലേറ്റ് തയ്യാറാക്കി ഘടിപ്പിച്ചാൽ മാത്രമേ വാഹനം നിരത്തിലിറക്കാനാവൂ.

പൂർണമായും ഫാക്ടറിനിർമിത വാഹനങ്ങൾ ഉദ്യോഗസ്ഥർ പരിശോധിക്കാതെയാണ് ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നത്. ഇനി അപേക്ഷകൂടി പരിശോധിക്കാതെ രജിസ്‌ട്രേഷൻ അനുവദിക്കുന്നത് കേന്ദ്ര മോട്ടോർവാഹന നിയമത്തിന്റെ ലംഘനമാണെന്ന് ആക്ഷേപമുണ്ട്. അപേക്ഷകളിൽ അതേദിവസംതന്നെ തീർപ്പാക്കാറുണ്ടെന്നും നമ്പർപ്ലേറ്റ് തയ്യാറാക്കുന്നതിൽ ഷോറൂമുകളിലെ താമസമാണ് പ്രശ്നമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

പുതിയ ക്രമീകരണ പ്രകാരം നമ്പർ അനുവദിക്കുന്നതോടെ രജിസ്‌ട്രേഷൻ പൂർത്തിയാകും. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മാത്രമാണ് പിന്നീട് ഓഫീസിൽ തയ്യാറാക്കുന്നത്. അപേക്ഷയിൽ ക്രമക്കേട് കണ്ടെത്തിയാൽ അനുവദിച്ച നമ്പർ റദ്ദാക്കേണ്ടിവരും.

ഡീലർക്കെതിരേ നടപടിയെടുക്കാമെങ്കിലും നമ്പർ റദ്ദാക്കുക സങ്കീർണമാണ്. ഇതിന്റെ ബുദ്ധിമുട്ട് വാഹന ഉടമയും അനുഭവിക്കേണ്ടിവരും. പുതിയ വാഹനം വാങ്ങുന്നവർക്ക് നിലവിലെ പരിശോധനാ സംവിധാനം സുരക്ഷിതമാണ്. ഇതൊഴിവാക്കുന്നത് ക്രമക്കേടിന് ഇടയാക്കുമെന്ന ആശങ്കയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here