മലപ്പുറം: വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇനി കുപ്പായത്തിൽ കുത്തി നടക്കണം എന്ന് പറഞ്ഞാല് അതിനും സാധിക്കും. മലപ്പുറത്ത് അതിനുള്ള സൗകര്യവും ഇപ്പൊൾ റെഡി ആണ്. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ടി ഷർട്ടിൽ പ്രിൻ്റ് ചെയ്തു കൊടുക്കുന്നതിന് വലിയ സ്വീകാര്യത ആണ് ലഭിക്കുന്നത്. എവിടെ വാക്സിനേഷൻ സർട്ടിഫിക്കേറ്റ് എന്ന് ചോദിച്ചാൽ ഇനി ധൈര്യമായി നെഞ്ചും വിരിച്ച് നിൽക്കാം… ഈ ടി ഷർട്ട് ധരിച്ച്….കാരണം സർട്ടിഫിക്കറ്റ് മുഴുവനായി പ്രിൻ്റ് ചെയ്തിട്ടുണ്ട് ഇതിൽ.
മലപ്പുറം ഇംപീരിയൽ പ്രസ്സ് ആണ് ഇങ്ങനെ ഒരു പരീക്ഷണത്തിന് പിന്നിൽ. വാക്സിനേഷൻ സർട്ടിഫിക്കേറ്റ് ഇവർക്ക് അയച്ച് കൊടുത്താൽ മതി. സർട്ടിഫൈഡ് ടി ഷർട്ട് തിരിച്ച് കൊടുക്കും. സർട്ടിഫിക്കറ്റ് അയച്ചു തന്നാൽ മതി. അത് സ്കാൻ ചെയ്താണ് ടി ഷർട്ടിൽ പതിപ്പിക്കുന്നത്. ”വെള്ള നിറത്തിൽ ഉള്ള ടി ഷർട്ടിൽ ആണ് സർട്ടിഫിക്കറ്റ് പ്രിൻ്റ് ചെയ്ത് കൊടുക്കുന്നത്. പി ഡി എഫ് രൂപത്തിൽ സർട്ടിഫിക്കറ്റ് അയച്ചു കൊടുത്താൽ അത് പ്രത്യേക ഫിലിമിൽ ആക്കി എടുത്ത് ടി ഷർട്ടിൽ പ്രിൻ്റ് ചെയ്യുക ആണ്. അതിൻ്റെ മുഴുവൻ കാര്യങ്ങളും പറഞ്ഞാൽ ട്രേഡ് സീക്രട്ട് പോകില്ലേ “- പ്രസ് ഉടമ ഇർഷാദ് ചിരിച്ചു കൊണ്ട് പറഞ്ഞു.
250 രൂപയാണ് ആകെ ചെലവ്. അലക്കിയാലും ഉണക്കിയാലും പ്രിൻ്റ് പോകില്ല എന്ന് ഇവർ ഉറപ്പ് പറയുന്നു. ” സാധാരണ ടീ ഷർട്ടിലെ പ്രിൻ്റ് പോലെ തന്നെ ആണിത്. അത്ര പെട്ടെന്ന് ഒന്നും പോകില്ല. പരമാവധി 15 മിനുട്ട് മതി . മെഷീൻ ചൂടായാൽ 20 സെക്കൻഡ് കൊണ്ട് പ്രിൻ്റ് ചെയ്യാം. അതിന് മുമ്പുള്ള പണികൾക്ക് ആണ് സമയം വേണ്ടത്. ഇപ്പോൾ കൂടുതൽ ആളുകൾ ഇത് ആവശ്യപ്പെട്ട് വരുന്നത് കൊണ്ട് കുറേക്കൂടി സമയം എടുക്കും. മറ്റിടങ്ങളിൽ നിന്ന് വരുന്ന ഓർഡറുകൾ കൊറിയർ വഴി അയച്ചു കൊടുക്കാനാണ് പദ്ധതി”.
മുൻപ് തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി ചിഹ്നങ്ങളും നേതാക്കളുടെ ചിത്രങ്ങളും ഒക്കെ ടി ഷർട്ടിൽ പ്രിൻ്റ് ചെയ്ത് കൊടുത്ത അനുഭവത്തിൽ ആണ് ഇത്തരം ഒരു പരീക്ഷണം നടത്താൻ ശ്രമിച്ചത്. ഇപ്പോൾ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ വിളിക്കുന്നുണ്ട്. ഇത് നിയമ പ്രശ്നം ഉണ്ടാക്കുമോ എന്ന് സംശയം ഉളളവർ ഉണ്ട്. അവർക്ക് ഉള്ള മറുപടി ഇങ്ങനെ- ” ഇത് വാക്സിനേഷന് ഒരു പ്രചരണം കൂടി ആണല്ലോ. സർട്ടിഫിക്കറ്റിന് പുറമെ ടി ഷർട്ടിൽ വാക്സിനേറ്റഡ് എന്ന് എഴുതി ചുവന്ന ടിക്ക് അടയാളപ്പെടുത്തി നൽകുന്നുണ്ട്.. ഒരു തരത്തിലും നിയമ പ്രശ്നങ്ങൾ ഇല്ല..”
ഇതിന് പുറമെവാക്സിനേഷൻ സർട്ടിഫിക്കറ്റ് കാർഡ് രൂപത്തിൽ ആക്കി കൊടുക്കുന്നുമുണ്ട് ഇവിടെ. പേഴ്സിൽ വക്കാൻ പറ്റുന്നത്ര വലിപ്പത്തിൽ എ ടി എം കാർഡ് രൂപത്തിൽ ആണ് ഇത് രൂപമാറ്റം നൽകി കൊടുക്കുന്നത്. മലപ്പുറം ആലത്തൂർ പടി, മലപ്പുറം കോട്ടപ്പടി എന്നിവിടങ്ങളിൽ ആണ് ടി ഷർട്ട് പ്രിൻ്റിങ് നടത്തുന്നത്. മഞ്ചേരിയിൽ ഉടൻ തുടങ്ങും എന്നും ഇർഷാദ് പറഞ്ഞു.