രോഗിയുടെ കണ്ണുനീരിലൂടെയും കോവിഡ് പടരാം: പുതിയ പഠനം

0
435

ന്യൂ‍ഡൽഹി∙ കണ്ണിൽനിന്നു പുറത്തുവരുന്ന സ്രവങ്ങളിൽക്കൂടിയും കോവിഡിനു കാരണമാകുന്ന സാർസ് കോവ്–2 വൈറസ് പടർന്നേക്കാമെന്ന് പുതിയ പഠനം. എന്നാൽ ശ്വാസകോശത്തിൽനിന്നുവരുന്ന കണികകളാണ് കോവിഡ് അണുബാധയുടെ പ്രാഥമിക സ്രോതസ്സെന്നും അമൃത്സർ സർക്കാർ മെഡിക്കൽ കോളജ് നടത്തിയ പഠനത്തിൽ പറയുന്നു.

ഇതോടെ കോവിഡ് രോഗികളുടെ കണ്ണുനീരില്‍നിന്നും രോഗം പകരാമെന്ന സാധ്യതയാണ് ഉയർന്നിരിക്കുന്നത്. 120 പേരിൽ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ വെളിപ്പെട്ടത്. ഈ 120 പേരിൽ 60 പേർക്ക് കണ്ണിൽ പ്രശ്നങ്ങളുള്ളതിന്റെ ലക്ഷണം ഉണ്ടായിരുന്നു. ബാക്കി 60ന് ലക്ഷണങ്ങളില്ലായിരുന്നു.

41 രോഗികളിൽ ഹൈപ്പറെമിയ, 38 പേരിൽ ഫോളിക്യുലർ റിയാക്‌ഷന്‍, 35 പേരിൽ കെമോസിസ്, 20 പേരിൽ മ്യൂകോയിഡ് ഡിസ്ചാർജ്, 11 പേരിൽ ചൊറിച്ചിൽ എന്നിങ്ങനെ കണ്ടെത്തി. കണ്ണിന് പ്രശ്നങ്ങളുള്ളതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയവരിൽ 37% പേർക്ക് ഇടത്തരം രീതിയിലുള്ള അണുബാധയാണ് കണ്ടെത്തിയത്. ബാക്കിയുള്ള 63% പേരിൽ രോഗം അതിശക്തമായിരുന്നു, പഠനം ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.

രണ്ടാമത്തെ വിഭാഗത്തിൽ 52% പേർക്ക് ഇടത്തരം രീതിയിലാണ് രോഗം ബാധിച്ചത്. 48% പേരിൽ രോഗം ഗുരുതരമാകുകയും ചെയ്തു. കണ്ണുനീരിന്റെ ആർടിപിസിആർ പരിശോധന നടത്തിയപ്പോൾ 17.5% പേർക്കും പോസിറ്റീവ് ഫലമാണ് ലഭിച്ചത്. ഇതിൽ 11 പേർക്ക് (9.16%) കണ്ണിന് പ്രശ്നങ്ങളുള്ളതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. പത്തു പേർക്ക് (8.33%) യാതൊരു തരത്തിലുമുള്ള ലക്ഷണങ്ങളുമില്ലായിരുന്നു. അതായത്, കോവിഡ് പോസിറ്റീവ് ആണെങ്കിൽ കണ്ണിന് പ്രശ്നങ്ങളുള്ളതിന്റെ ലക്ഷണങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും രോഗം പടർത്താൻ സാധ്യതയുണ്ട്. നേത്ര ഡോക്ടർമാർ കൂടുതൽ ശ്രദ്ധിക്കണമെന്നും മുൻകരുതൽ എടുക്കണമെന്നും പഠനം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here