മുസാഫര്‍നഗര്‍ വര്‍ഗീയ കലാപം: കേസുകളില്‍ യു.പി സര്‍ക്കാരിന്റെ തിരിമറി; കാരണം കാണിക്കാതെ ഒഴിവാക്കിയത് 77കേസുകള്‍

0
363

ന്യൂദല്‍ഹി: മുസാഫര്‍നഗര്‍ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട 77  കേസുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്.

ഒരു കാരണവും നല്‍കാതെയാണ് കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചതെന്നാണ് അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചത്.

‘ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 321 പ്രകാരം കേസ് പിന്‍വലിക്കുന്നതിന് ഒരു കാരണവും സര്‍ക്കാര്‍ നല്‍കുന്നില്ല. പൂര്‍ണ്ണമായ പരിഗണനയ്ക്ക് ശേഷം, നിര്‍ദ്ദിഷ്ട കേസ് പിന്‍വലിക്കാനുള്ള തീരുമാനം എടുത്തതായി സര്‍ക്കാര്‍ പ്രസ്താവിക്കുന്നുണ്ട്’ സുപ്രീംകോടതിയുടെ അമിക്കസ് ക്യൂറി വിജയ് ഹന്‍സാരിയയും അഭിഭാഷക സ്‌നേഹ കലിതയും സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് ഇത്തരത്തില്‍ പിന്‍വലിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗസ്റ്റ് 20 ന് ഉത്തര്‍പ്രദേശ് സംസ്ഥാന അഭിഭാഷകന്‍ തനിക്ക് അയച്ച കത്തിന്റെ ഭാഗമാണ് ഈ വിവരമെന്ന് ഹന്‍സാരിയ പറഞ്ഞു.

2013 ലെ മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട 510 കേസുകള്‍ 6,869 പ്രതികള്‍ക്കെതിരെ മീററ്റ് സോണിലെ അഞ്ച് ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു.

ഇതില്‍ 175 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും 165 കേസുകളില്‍ അന്തിമ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും 170 കേസുകള്‍ ഒഴിവാക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here