മയിലുകൾ പെരുകുന്ന കാലം; കൊന്നാൽ 7 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും, മുട്ട നശിപ്പിച്ചാലും കേസ്

0
261

കാസർകോട് ∙ ദേശീയ പക്ഷിയാണെങ്കിലും മയിലിന്റെ എണ്ണം പരിധി വിട്ടുയരുന്നത് അത്ര ശുഭ ലക്ഷണമായല്ല പക്ഷി നിരീക്ഷകർ പോലും കാണുന്നത്. ഒരു കാലത്ത് മിക്ക നാട്ടിൻപുറങ്ങളിലും അപൂർവ പക്ഷിയായിരുന്ന മയിൽ ഇന്നു കാടിറങ്ങി നാട്ടിലേക്ക് കൂടുതലായി എത്തുന്നുണ്ട്. തൃശൂരിൽ കഴിഞ്ഞ ദിവസം ബൈക്കിൽ സഞ്ചരിച്ച ദമ്പതികളിലൊരാൾ മയിൽ പറന്നു വന്നിടിച്ചതിനെ തുടർന്ന് അപകടത്തിൽ മരിച്ചിരുന്നു.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്ത് പല ജില്ലകളിലും മയിലുകളുടെ എണ്ണം വളരെയധികം വർധിച്ചിട്ടുണ്ട്. കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയാണ് ഇത്തരത്തിൽ മയിലിനെ കാണുന്ന സ്ഥലങ്ങളുടെ വ്യാപനമെന്നും കൂടുതൽ പഠനങ്ങൾ ഈ മേഖലയിൽ നടക്കണമെന്നും കാർഷിക സർവകലാശാലയിലെ സെന്റർ ഫോർ വൈൽഡ് ലൈഫ് സ്റ്റഡീസ് മേധാവിയായ പി.ഒ.നമീർ പറഞ്ഞു.

വർധന വലിയ  തോതിൽ

സംസ്ഥാനത്തെ ഭൂവിസ്തൃതിയുടെ 19.15% സ്ഥലത്തും മയിലുകൾക്ക് ജീവിക്കാൻ അനുകൂലമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഈ ആനുപാതത്തിൽ 2050ൽ സംസ്ഥാനത്തെ 41.44% മുതൽ 55.33% സ്ഥലം വരെ മയിലുകൾക്ക് ജീവിക്കാൻ അനുകൂലമാകും.

മയിലിന്റെ പ്രകൃത്യാ ഉള്ള ശത്രുക്കൾ കുറഞ്ഞത്, സംരക്ഷണപ്രവർത്തനങ്ങൾ തുടങ്ങിയവ എണ്ണം കൂടാൻ കാരണമായെന്ന് വിദഗ്ധർ വിലയിരുത്തുന്നു. മഴ കുറവുള്ള പ്രദേശങ്ങളിലാണു മയിലുകൾ കൂടുതലായി കണ്ടുവരുന്നത്.

സംരക്ഷിത ഇനം

മയിലുകളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഇവയുടെ എണ്ണം നിയന്ത്രിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് അനുമതി നൽകേണ്ടത്. വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം പട്ടികയിൽ പെടുത്തി സംരക്ഷിക്കപ്പെടുന്ന പക്ഷിയാണു ദേശീയ പക്ഷി കൂടിയായ മയിൽ. മയിലിനെ കൊന്നാൽ, 7 വർഷം വരെ തടവും 2ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.  മുട്ട നശിപ്പിച്ചാലും കേസെടുക്കാം.

കർഷകർക്കു തലവേദന

മയിലുകൾ പലയിടത്തും കൃഷി നശിപ്പിക്കുന്നതായി കർഷകരുടെ പരാതി വ്യാപകമാണ്. പലേടത്തും മയിലുകൾ കർഷകർക്കു കാര്യമായ തലവേദനയുയർത്തുന്നുണ്ട്. പലയിടത്തും പച്ചക്കറിക്കൃഷി നശിപ്പിക്കപ്പെട്ടു. കൂട്ടങ്ങളായാണിവയെത്തുന്നത്. ഓടിട്ട വീടുകൾക്കു മുകളിൽ പറന്നിറങ്ങി, ഓടുകൾ തകരുന്നതായും പരാതിയുണ്ട്. കാട്ടുപന്നികളും കുരങ്ങും കഴിഞ്ഞാൽ കൂടുതൽ      ശല്യമുണ്ടാക്കുന്നത് മയിലുകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here