മഞ്ചേശ്വരത്ത് സ്വര്‍ണവ്യാപാരികളെ തട്ടിക്കൊണ്ടുപോയി 14.5 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

0
296

മഞ്ചേശ്വരം: സ്വര്‍ണവ്യാപാരികളായ മഹാരാഷ്ട്ര സ്വദേശികളെ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയതിന് ശേഷം 14.5 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാളെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തു. മംഗളൂരു കോട്ടെക്കാറിലെ മുഹമ്മദ് അഷ്‌റഫ് എന്ന മമ്മ(42)യാണ് അറസ്റ്റിലായത്. സംഭവത്തില്‍ എട്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഒരു വര്‍ഷം മുമ്പ് പുലര്‍ച്ചെ ആറ് മണിയോടെ സ്വര്‍ണ വ്യാപാരികളായ മഹാരാഷ്ട്രയിലെ അവിനാശും സുഹൃത്തും പഴയ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കാറില്‍ കാസര്‍കോട്ടേക്ക് വരുന്നതിനിടെയാണ് കവര്‍ച്ചക്ക് ഇരയായത്. തലപ്പാടി ടോള്‍ ബൂത്തിന് സമീപം വെച്ച് കാറില്‍ പിന്തുടര്‍ന്നെത്തിയ മുഖംമൂടി ധരിച്ച പത്തംഗ സംഘം മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിന് സമീപം വെച്ച് ഇവരുടെ കാര്‍ തടയുകയും തട്ടിക്കൊണ്ടുപോയി പണമടങ്ങിയ കാര്‍ തട്ടിയെടുക്കുകയുമായിരുന്നു. അന്നേദിവസം വൈകിട്ടോടെ ഇരുവരെയും മഞ്ചേശ്വരം ചൗക്കില്‍ ഇറക്കിവിടുകയും കാര്‍ തലപ്പാടി പെട്രോള്‍ പമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here