പോലീസ് പിഴയിട്ടതിന് ഗൗരിനന്ദ പ്രതികരിച്ചതോടെ വൈറലായ ഷിഹാബ് മോഷണക്കേസിൽ അറസ്റ്റിൽ; മോഷ്ടിച്ചത് സഹോദരന്റെ വീട്ടിൽ നിന്നും

0
325

കൊല്ലം: ബാങ്കിന് മുന്നിലെ ക്യൂവിൽ നിൽക്കുന്നതിനിടെ സാമൂഹികഅകലം പാലിച്ചില്ലെന്ന പേരിൽ പോലീസ് പെറ്റി നോട്ടിസ് നൽകിയപ്പോൾ പ്രതികരിച്ച് വൈറലായയാൾ മോഷണ കേസിൽ അറസ്റ്റിൽ. ചടയമംഗലം സ്വദേശി ഷിഹാബാണ് പോലീസ് പിടിയിലായത്. ഒരു മാസം മുൻപ് ഷിഹാബിന്, സാമൂഹിക അകലം പാലിക്കാത്തതിനു പോലീസ് പെറ്റി നോട്ടിസ് നൽകിയത് ചടയമംഗലം സ്വദേശിനിയായ ഗൗരിനന്ദ ചോദ്യം ചെയ്തത് സോഷ്യൽമീഡിയയിലടക്കം വലിയചർച്ചയായിരുന്നു.

സഹോദരൻ അബ്ദുൾ സലാമിന്റെ വീട്ടിൽ മോഷണം നടത്തിയതിനാണ് ഷിഹാബിനെ പോലീസ് അറസ്റ്റ് ചെയ്തത്. അബ്ദുൾ സലാമിന്റെ വീടിന്റെ ടെറസ്സിന്റെ മുകളിൽ ഉണക്കി മൂന്നു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 36 കിലോ കുരുമുളകും ഒരു ചാക്ക് നെല്ലും കഴിഞ്ഞ ദിവസം മോഷണം പോയ കേസിലാണ് ഇയാൾ പിടിയിലായത്.

സലാം, കടയ്ക്കൽ പോലീസിൽ പരാതി നൽകി. ഷിഹാബിനെ സംശയമുണ്ടെന്നു പരാതിയിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ മോഷണം പോയ ഒരു ചാക്ക് നെല്ല് ശിഹാബിന്റെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. പിന്നീടു നടത്തിയ അന്വേഷണത്തിൽ ഷിഹാബ് കുരുമുളക് ഓട്ടോറിക്ഷയിൽ നിലമേൽ മുരുക്കുമണ്ണിൽ ഉള്ള കടയിൽ പതിനാലായിരം രൂപയ്ക്കു വിറ്റതായി കണ്ടെത്തി.

ഇതോടെയാണ് അറസ്റ്റിന് കളമൊരുങ്ങിയത്. പോലീസ് ഷിഹാബിനെ കടയിൽ എത്തിച്ചു കുരുമുളക് കണ്ടെടുത്തു. മുൻപ് സമാനമായ കേസിൽ ജയിൽവാസം അനുഭവിച്ചിട്ടുള്ളയാളാണ് അറസ്റ്റിലായ ഷിഹാബെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here