കാഞ്ഞങ്ങാട്: തിരുവോണം അറിയാതെ വില്‍പ്പനയ്ക്കായി പൂവുമായി കാസര്‍കോട് എത്തിയ മംഗളൂരു സ്വദേശികള്‍ക്ക് ലക്ഷങ്ങള്‍ നഷ്ടം. മംഗളൂരു ബന്ദര്‍ സ്വദേശികളായ അസീസ്, ഫാറൂഖ്, മുബിന്‍, ഇംതിയാസ് എന്നിവര്‍ക്കാണ് വന്‍ തിരിച്ചടി നേരിടേണ്ടി വന്നത്.
ഞായറാഴ്ച രാവിലെയാണ് പൂക്കളുമായി ഇവര്‍ കാഞ്ഞങ്ങാടെത്തിയത്. തിരുവോണം തിങ്കളാഴ്ചയാണെന്ന് ഇവരെ തെറ്റിധരിപ്പിച്ചതാണ് സങ്കട കയത്തിലേയ്ക്ക് ഇറക്കി വിട്ടത്. ലക്ഷങ്ങള്‍ മുടക്കിയാണ് ഇവര്‍ പൂക്കളും വാങ്ങി നഗരത്തിലെത്തിയത്. മംഗളൂരു സ്വദേശിയായ അസര്‍ ആണ് തങ്ങളെ തെറ്റിദ്ധരിപ്പിച്ചതെന്ന് ഇവര്‍ പറയുന്നു.
ഇവിടെയെത്തിയപ്പോഴാണ് ഓണം കഴിഞ്ഞ വിവരം അറിഞ്ഞത്. മല്ലിക, ജമന്തി, മുല്ലപ്പൂ, റോസ്, അരളി തുടങ്ങിയ പൂക്കളാണ് ഇവര്‍ 2 ലക്ഷത്തോളം മുടക്കി വാങ്ങിയത്. ഒരുമുഴം പൂവിന് 20 രൂപയ്ക്ക് വില്‍പന നടത്തിയിട്ടും ആരും വാങ്ങാനെത്തിയില്ല. ആകെ 3000 രൂപയുടെ പൂക്കള്‍ മാത്രമാണ് ചെലവായത്. ഇതില്‍ 2500 രൂപ വാടകയും ഭക്ഷണത്തിനുമായി ചെലവായി. ദിവസങ്ങള്‍ പിന്നിട്ടതോടെ പൂക്കള്‍ വാടുകയും ചെയ്തു.