ട്രിപ്പിൾ ലോക്ഡൗൺ പ്രദേശങ്ങൾ ഇന്ന് പുനർനിശ്ചയിക്കും; കേരളത്തിൽ കോവിഡ് അതിരൂക്ഷം

0
267

രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ കുറവ് സംഭവക്കുമ്പോൾ കേരളത്തിൽ രോ​ഗികളുടെ എണ്ണം ദിനം പ്രതിവർദ്ധിക്കുന്നത് വലിയ ആശങ്ക ഉയർത്തുന്നു.

രാജ്യത്ത് ഏറ്റവുമധികം പ്രതിദിന രോഗികൾ ദിവസങ്ങളായി കേരളത്തിലാണ്. അയൽ സംസ്ഥാനമായ കർണാടകയിൽ പ്രതിദിന മരണം പത്തായി കുറഞ്ഞപ്പോൾ കേരളത്തിൽ അത് മിക്ക ദിവസവും നൂറിന് മുകളിലായി തുടരുകയാണ്.

മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ നാലായിരത്തിലും താഴെയെത്തിയപ്പോൾ കേരളത്തിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 24,296 കോവിഡ് കേസുകളാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കേരളത്തിലാണ്.

ഇതോടെ അതീവ ജാ​ഗ്രതയോടെ നിർദ്ദേശങ്ങൾ കർശനമാക്കാനാണ് സർക്കാർ തീരുമാനം. സംസ്ഥാനത്ത് ട്രിപ്പിൾ ലോക് ഡൗൺ പ്രദേശങ്ങൾ ഇന്ന് പുനർ നിശ്ചയിക്കും. രോഗവ്യാപനം കൂടിയതോടെ കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണം വന്നേക്കും. 10 ജില്ലകളിൽ ഇന്ന് മുതൽ തീവ്ര കോ വിഡ് പരിശോധന ആരംഭിക്കും.

100 പേരെ പരിശോധിക്കുമ്പോൾ 18 പേരിലേറെ പോസിറ്റീവ്. മൂന്നു മാസത്തിനിടെ ആദ്യമായാണ് സംസ്ഥാനത്തെ രോഗ സ്ഥിരീകരണ നിരക്ക് 18 കടക്കുന്നത്. പകുതിയിലേറെ ജില്ലകളിൽ സംസ്ഥാന ശരാശരിക്കും മുകളിലാണ് ടി പി ആർ. നിലവിൽ 414 പ്രദേശങ്ങളിലാണ് ട്രിപ്പിൾ ലോക് ഡൗൺ.

രോഗത്തിൻറെ തോത് പരിശോധിക്കാനായി ജില്ലകൾ തിരിച്ച് വിവിധ തരത്തിൽ പരിശോധനകൾ നടത്താനാണ് സർക്കാർ തീരുമാനം. വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ വാക്‌സിനേഷൻ മികച്ച രീതിയിൽ നടത്തിയതിനാൽ ഇവിടെ രോഗലക്ഷണമുള്ളവരെ മാത്രം പരിശോധിക്കും.

ബാക്കി പത്തു ജില്ലകളിൽ വ്യാപകമായ കോവിഡ് പരിശോധനയുണ്ടാകും. ആദ്യ ഡോസ് വാക്‌സിനേഷൻ 70 ശതമാനത്തിൽ കൂടുതൽ പൂർത്തീകരിച്ച ജില്ലകൾ അടുത്ത രണ്ടാഴ്ച കൊണ്ട് വാക്‌സിനേഷൻ പൂർണമാക്കാനാണ് ശ്രമം.

ഇടുക്കി, പാലക്കാട്, കാസർകോഡ് ജില്ലകളിൽ വാക്സിനേഷന് ശേഷമുള്ള രോഗബാധ അഞ്ച് ശതമാനത്തിൽ കൂടുതലാണ്. ഈ ജില്ലകളിൽ ജനിതക പഠനം നടത്താൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി.

ഓരോ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലും എത്ര വാക്‌സിനേഷനുകൾ നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here