മംഗളൂരു : മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാരുടെ തിരക്കേറുന്നു. കോവിഡ് വ്യാപനത്താൽ മാസങ്ങളോളം അടച്ചിട്ട വിമാനത്താവളം ജൂണിലാണ് തുറന്നത്. ആഭ്യന്തര വിമാന സർവീസുകൾ മാത്രം നടത്തിയിരുന്ന ഇവിടെ ബുധനാഴ്ചമുതൽ ദുബായിലേക്കും സർവീസ് പുനരാരംഭിച്ചു.
യാത്രക്കാർക്കായി അന്താരാഷ്ട്രനിലവാരത്തിലുള്ള റാപ്പിഡ് ആർ.ടി.പി.സി.ആർ. പരിശോധനാസംവിധാനം ഏർപ്പെടുത്തിയാണ് സർവീസുകൾ പുനരാരംഭിച്ചത്. ഇതോടെ കേരളത്തിൽനിന്നുൾപ്പെടെയുള്ള യാത്രക്കാരുടെ തിരക്കും അനുഭവപ്പെട്ടുതുടങ്ങി.
ഓഗസ്റ്റ് ഒന്നുമുതൽ 15 വരെ 12,717 യാത്രക്കാരാണ് മംഗളൂരു വിമാനത്താവളം വഴി ആകാശയാത്ര നടത്തിയത്. 13,924 പേർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ഇവിടെ വന്നിറങ്ങുകയും ചെയ്തു. ജൂണിൽ വെറും 4989 പേരായിരുന്നു മംഗളൂരു വിമാനത്താവളം വഴി യാത്രചെയ്തത്. ജൂലായിയിൽ ഇത് 7784 ആയി ഉയർന്നതായി വിമാനത്താവള അധികൃതർ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
ഓഗസ്റ്റിൽ ഇനിയും യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് സൂചന. എയർ ഇന്ത്യ എക്‌സ്‌പ്രസ് ആണ് ബുധനാഴ്ചമുതൽ ദുബായിലേക്ക് സർവീസ് ആരംഭിച്ചത്. ഈ യാത്രക്കാർക്കായി പ്രത്യേക ആർ.ടി.പി.സി.ആർ. പരിശോധനാ കൗണ്ടറും വിമാനത്താവളത്തിൽ തുറന്നിട്ടുണ്ട്. അപ്പോളോ ഡൈഗ്നോസ്റ്റിക്‌സുമായി സഹകരിച്ചു നടത്തുന്ന കോവിഡ് പരിശോധനാകേന്ദ്രത്തിൽ ആറുമണിക്കൂറിനുള്ളിൽ യാത്രക്കാർക്ക് കോവിഡ് പരിശോധന നടത്തി ഫലം ലഭ്യമാക്കും.