ഒരു തീപ്പെട്ടി കൂടിന്‍റെ പകുതി വലുപ്പമുള്ള ഖുർആൻ പതിപ്പ് ലേലത്തിന്. മലപ്പുറം തിരൂർക്കാട് സ്വദേശി റഷീദലി തോണിക്കരയുടെ കൈവശമുള്ള ചെറിയ ഖുർആൻ പതിപ്പാണ് ലേലത്തിന് വെക്കുന്നത്. പള്ളിക്കായി ധനസമാഹരണം ലക്ഷ്യമിട്ടാണ് ലേലം.
തിരൂർക്കാട് പടിഞ്ഞാറെപാടം മസ്ജിദുൽ റഹ്മാനിയയുടെ ധനശേഖരണാർഥമാണ് കുഞ്ഞു ഖുർആൻ ലേലത്തിന് വെക്കുന്നത്. 2017ൽ ഷാർജ ഇന്‍റർനാഷണൽ ബുക്ക് ഫെയറിന്‍റെ മുപ്പത്തഞ്ചാം വാർഷികത്തിൽ യുഎഇയാണ് ഖുർആന്‍റെ ഈ കുഞ്ഞു പതിപ്പ് പുറത്തിറക്കിയത്.
നഗ്ന നേത്രങ്ങൾ കൊണ്ട് വായിക്കാൻ ഏറെ പ്രയാസമുള്ള ലിമിറ്റഡ് എഡിഷൻ തമ്പ് നെയിൽ ഖുർആനാണിത്. മഹല്ല് പള്ളിയുടെ ധനശേഖരണത്തിന് കൈവശമുള്ള അപൂർവ ഖുർആൻ പതിപ്പ് വിട്ട് കൊടുക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നു റഷീദലി തോണിക്കര പറഞ്ഞു. അടുത്ത ആഴ്ച ഖുർആൻ ലേലം ആരംഭിക്കാനാണ് ആലോചന. തീപ്പെട്ടി കൂടിനോളം വലിപ്പമുള്ള മറ്റൊരു ഖുർആൻ പതിപ്പും റഷീദലിയുടെ കൈവശമുണ്ട്.