കേരളത്തിൽ ചർച്ചയായ രാഷ്ട്രീയ വിവാദത്തിനൊടുവിൽ മലയാളികൾക്കിടയിൽ പ്രശസ്തമായ ആഫ്രിക്കൻ രാജ്യമാണ് സിയേറ ലിയോൺ. നിലമ്പൂർ എംഎൽഎ പി. വി അൻവറിനെ കാണാനില്ലെന്ന വാർത്തയെ തുടർന്നുള്ള അന്വേഷണമാണ് സിയേറ ലിയോണിൽ എത്തിനിന്നത്. സാമ്പത്തിക നഷ്ടം നികത്താനായി അൻവർ സിയേറ ലിയോണിൽ സ്വർണ ഖനന ബിസിനസ് തുടങ്ങിയെന്നാണ് അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നത്. രാജ്യത്താകമാനം കുഴിച്ചാൽ സ്വർണവും വജ്രവും കിട്ടുന്ന നാടാണ് സിയേറ ലിയോൺ.
2006ൽ പുറത്തിറങ്ങിയ ബ്ലഡ് ഡയമണ്ട് എന്ന സിനിമ ഇതിവൃത്തമാക്കിയ സിയേറ ലിയോണിലെ ഖനന വ്യവസായമാണ്. ആഫ്രിക്കയിലെ നിബിഡ വനപ്രദേശങ്ങളിൽ ഉൾപ്പെടുന്ന ഈ രാജ്യത്തേക്ക് ദാരിദ്ര്യത്തിൽ നിന്ന് രക്ഷപെടാനായി ജീവൻ പണയംവെച്ച് എത്തുന്ന മൂന്നു പേരുടെ കഥയാണ് ബ്ലഡ് ഡയമണ്ട്. 1990ലെ ആഭ്യന്തര കലാപത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണ് ഈ സിനിമ. ലോകത്തെ ഏറ്റവും സമ്പന്നമായ ദരിദ്ര രാജ്യം എന്നൊരു വിളിപ്പേര് കൂടിയുണ്ട് ഈ പശ്ചിമ ആഫ്രിക്കൻ രാജ്യത്തിന്. ഈ രാജ്യത്തിന്‍റെ എമ്പത് ശതമാനത്തോളം പ്രദേശങ്ങളിലും സ്വർണ-വജ്ര നിക്ഷേപമുണ്ട്. 1870 മുതൽ ബ്രിട്ടീഷുകാരാണ് ഇവിടെ വജ്രഖനനം ആരംഭിച്ചത്.
2002-ലെ ആഭ്യന്തര കലാപം അവസാനിച്ചതോടെയാണ് സിയേറ ലിയോണിൽ സ്വർണ ഖനനം വ്യാപകമായത്. 2008ൽ 6150 ട്രോയ് ഔൺസ് സ്വർണം ഉൽപാദിപ്പിച്ചു. 2010ൽ കങ്കാരി മലനിരകളിൽ ഒരു ബ്രിട്ടീഷ് കമ്പനി സ്വർണ നിക്ഷേപം കണ്ടെത്തിയതോടെ യന്ത്രവത്കൃത ഖനനം ആരംഭിച്ചു. 2013-15 കാലയളവിൽ ആധുനിക ഖനികളിൽ ഉൽപാദനം ആരംഭിച്ചു. 2018ൽ സിയേറ ലിയോണിൽ 446 കിലോ ഗ്രാം സ്വർണം ഉൽപാദിപ്പിച്ചു. 2017ൽ ഇത് 140 കിലോ ആയിരുന്നു. ഇവിടെ സ്വർണ ഉൽപാദനം കുറയുമ്പോഴാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില കൂടുന്നത്.