എക്‌സറേയില്‍ വയറ്റില്‍ 9 പവന്റെ സ്വര്‍ണമാല, പഴവും വയറിളക്കത്തിനുള്ള മരുന്നും നല്‍കി പൊലീസ്; ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ മാതൃക ബംഗളൂരുവില്‍

0
448

ബംഗളൂരു: ഫഹദ് ഫാസില്‍ നായകനായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും മാതൃകയില്‍ മാല മോഷണം ബംഗളൂരുവില്‍.പഴം കഴിപ്പിച്ചും വയറിളക്കത്തിനുള്ള മരുന്ന് നല്‍കിയും മോഷ്ടാവ് വിഴുങ്ങിയ സ്വര്‍ണമാല പൊലീസ് വീണ്ടെടുത്തു. സ്ത്രീയുടെ കഴുത്തില്‍ കിടന്ന 70 ഗ്രാമിലേറെ തൂക്കമുള്ള സ്വര്‍ണമാലയാണ് മോഷ്ടാവ് വിഴുങ്ങിയത്. പൊലീസില്‍ നിന്ന് രക്ഷപ്പെടാനാണ് സ്വര്‍ണമാല വിഴുങ്ങിയത്.

ബംഗളൂരുവില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. കഴുത്തില്‍ കിടന്ന മാല മോഷ്ടിക്കാനുള്ള വിജയിയുടെ ശ്രമം സ്ത്രീ ചെറുത്തു. കൈയില്‍ പിടിത്തമിട്ടതോടെ രക്ഷപ്പെടാന്‍ മോഷ്ടാവ് സ്്ത്രീയെ ആക്രമിച്ചു. ആക്രമണത്തില്‍ സ്ത്രീ വീണിട്ടും മോഷ്ടാവിന്റെ കൈയിലെ പിടിത്തം വിട്ടില്ല.ഇത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാര്‍ സ്ത്രീയുടെ രക്ഷയ്ക്ക് എത്തി.

അതിനിടെ സ്ത്രീയുടെ കഴുത്തില്‍ കിടന്ന മാല കവരാന്‍ വിജയിക്ക് സാധിച്ചു. വഴിയാത്രക്കാര്‍ വളഞ്ഞിട്ട്  വിജയിയെ ആക്രമിക്കാന്‍ തുടങ്ങിയതോടെ രക്ഷയില്ലെന്ന് കണ്ട് മോഷ്ടാവ് സ്വര്‍ണമാല വിഴുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രതിയെ പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ കൊണ്ടുപോകുന്നത് വരെ മാല വിഴുങ്ങിയ കാര്യം പൊലീസിന് അറിയില്ലായിരുന്നു. നാട്ടുകാര്‍ പിടികൂടിയതോടെ പ്രതി മാല ദൂരേയ്ക്ക് വലിച്ചെറിഞ്ഞ് കാണുമെന്നാണ് പരാതിക്കാരി കരുതിയിരുന്നത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാവിന്റെ എക്‌സറേ എടുത്തപ്പോഴാണ് സംഭവം പുറത്തുവന്നത്. എക്‌സറേയില്‍ വയറില്‍ സ്വര്‍ണമാല കണ്ടെത്തി.

തുടക്കത്തില്‍ വയറ്റില്‍ അസാധാരണമായി കണ്ടത് എല്ലാണ് എന്നെല്ലാം പറഞ്ഞ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ വിശ്വാസം വരാതിരുന്ന പൊലീസ് ഡോക്ടര്‍മാരുടെ സഹായത്തോടെ വിജയിക്ക് വയറിളക്കത്തിനുള്ള മരുന്നും പഴങ്ങളും നിര്‍ബന്ധിച്ച് കഴിപ്പിച്ചതോടെയാണ് സ്വര്‍ണമാല വീണ്ടെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here