ന്യൂഡല്‍ഹി: സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് കോവിഡ് 19 ഡിഎന്‍എ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നല്‍കി. മുതിര്‍ന്നവര്‍ക്കും 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും സൈഡസ് കാഡിലയുടെ സൈകോവ്-ഡി വാക്‌സിന്‍ കുത്തിവെപ്പെടുക്കാം. രാജ്യത്ത് ആദ്യമായിട്ടാണ് 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് കുത്തിവെപ്പെടുക്കാന്‍ ഒരു വാക്‌സിന് അനുമതി ലഭിക്കുന്നത്.
പ്രതിവര്‍ഷം 100 ദശലക്ഷം ഡോസ് മുതല്‍ 120 ദശലക്ഷം ഡോസ് വരെ നിര്‍മിക്കാനുള്ള പദ്ധതിയുണ്ടെന്നും വാക്‌സിന്‍ സംഭരണം ആരംഭിച്ചതായും സൈഡസ് കാഡില അറിയിച്ചു. ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന ആറാമത്തെ കോവിഡ് വാക്‌സിനാണ് സൈകോവ്-ഡി.
സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിജിഐ അനുമതി നല്‍കിയത്.
28000 വളണ്ടിയര്‍മാരെ ഉപയോഗിച്ച് അവസാന ഘട്ട പരീക്ഷണം നടത്തിയപ്പോള്‍ 66.6 ശതമാനം ഫലപ്രാപ്തിയാണ് ഈ വാക്‌സിന് ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലായ് ഒന്നിനാണ് അംഗീകാരത്തിനായി സമര്‍പ്പിച്ചത്. മറ്റു വാക്‌സിനുകളെ പോലെ സൂചി ഉപയോഗിച്ചല്ല സൈകോവ്-ഡി കുത്തിവെക്കുകയെന്നാണ് കമ്പനി പറയുന്നത്. പകരം മറ്റും ഇന്‍ജെക്ടിങ്ം സാങ്കേതിക വിദ്യ ഉപയോഗിക്കും.പാര്‍ശ്വഫലങ്ങള്‍ ഇല്ലാതിരിക്കാനാണ് ഈ സംവിധനം ഉപയോഗിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ലോകത്തെ ആദ്യത്തെ ഡിഎന്‍എ വാക്‌സിന്‍
കൊറോണ വൈറസിനെതിരായ ലോകത്തിലെ ആദ്യത്തെ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിന്‍ ആണ് സൈകോവ്-ഡി. രോഗപ്രതിരോധവ്യവസ്ഥ തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യുന്ന പ്രോട്ടീന്‍ ഉണ്ടാക്കാന്‍ വൈറസില്‍ നിന്നുള്ള ജനിതക വസ്തുക്കളുടെ ഒരു ഭാഗം ഇതിനായി ഉപയോഗിക്കുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയുമായി ചേര്‍ന്നാണ് വാക്‌സിന്റെ ഉത്പാദനം. ഭാരത് ബയോടെകിന്റെ കോവാക്‌സിന് ശേഷം ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ച രണ്ടാമത്തെ കോവിഡ് വാക്‌സിനാണ് സൈകോവ്-ഡി.
മൂന്ന് ഡോസ് വാക്‌സിന്‍
മൂന്ന് ഡോസ് വാക്‌സിനെടുക്കുന്നതിന്റെ അതേ ഫലപ്രാപ്തി മൂന്ന് മി.ഗ്രാം ഉപയോഗിച്ചുള്ള രണ്ട് ഡോസ് വാക്‌സിനേഷനും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. മൂന്ന് ഡോസ് വാക്‌സിനേഷന് അനുമതി നല്‍കാനാണ് വിദഗ്ധ സമിതി നിലവില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. രണ്ട് ഡോസ് വാകിസിനേഷന്റെ ഫലം സംബന്ധിച്ച കൂടുതല്‍ രേഖകള്‍ കമ്പനിയോട് സമിതി തേടിയിട്ടുണ്ട്.