മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ഇ-ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ കാരവാന്‍ വീണ്ടും നിരത്തിലിറക്കാന്‍ അവസരം. മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരിക്കുന്ന മാറ്റങ്ങള്‍ വരുത്തി വാഹനം വീണ്ടും ഉപയോഗിക്കാം. നിലവില്‍ നിയമ വിരുദ്ധമായി വാഹനത്തില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ പൂര്‍ണമായും പൂര്‍വ്വസ്ഥിതിയിലേക്ക് മാറ്റേണ്ടി വരും. കാരവാന്റെ പെയിന്റ്, ടയര്‍ തുടങ്ങിയവ അങ്ങെനെയെങ്കില്‍ മാറ്റേണ്ടി വരുമെന്നാണ് സൂചന. നിയമം മറികടന്ന് ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കില്ല. വാഹനത്തിനു ചുമത്തിയ പിഴയടക്കാനും വാഹനം പൂര്‍വ സ്ഥിതിയിലാക്കാനും വ്‌ളോഗര്‍മാര്‍ക്ക് അവസരമുണ്ടെന്നും മോട്ടര്‍ വാഹന വകുപ്പ് പറഞ്ഞു.
വാഹനം തിരികെ നിരത്തിലിറക്കാന്‍ നിയമപരമായുള്ള അവസരങ്ങള്‍ ഇ-ബുള്‍ ജെറ്റുകാര്‍ക്ക് ലഭിക്കും. ഇതില്‍ പിഴ അടക്കേണ്ടത് നിര്‍ണായകമായിരിക്കും. അതെല്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ടു പോകും. ഇത് കാര്യങ്ങള്‍ കൂടുതല്‍ നിയമക്കുരുക്കിലേക്ക് എത്തിക്കുമെന്നാണ് സൂചന. ബീഹാറില്‍ സൈറണ്‍ ഉപയോഗിച്ച് ടോള്‍ പ്ലാസ വെട്ടിച്ചു കടന്നത് ഉള്‍പ്പെടെ ഇ-ബുള്‍ ജെറ്റ് വീഡിയോകളില്‍ എല്ലാം പരിശോധിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. അങ്ങനെ വന്നാല്‍ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ജെറ്റ് സഹോദരന്മാര്‍ നേരിടേണ്ടി വരും.
അതേസമയം ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതിന് പൊലീസിനെ സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞയാള്‍ ഇന്നലെ അറസ്റ്റിലായിരുന്നു. കൊല്ലം രാമന്‍ കുളങ്ങര സ്വദേശി റിച്ചാര്‍ഡ് റിച്ചു (28) ആണ് അറസ്റ്റിലായത്. ‘പൊളി സാനം’ എന്ന അപരനാമത്തില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നയാളാണ് റിച്ചാര്‍ഡ് റിച്ചു. ജെറ്റ് സഹോദരങ്ങളായ ലിബിനും എബിനും കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത് തൊട്ടു പിന്നാലെയാണ് റിച്ചു അറസ്റ്റിലായത്.
രൂക്ഷമായ അസഭ്യങ്ങള്‍ നിറഞ്ഞ പ്രയോഗങ്ങളാണ് റിച്ചാർഡ് പൊലീസിന് നേരെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നേരെയും ഇയാള്‍ നടത്തിയത്. ഇ ബുള്‍ ജെറ്റുകാരെ പിന്തുണച്ച് കൊണ്ടായിരുന്നു തെറിവിളികള്‍. പൊലീസിന് നേരെ അക്രമണം നടത്താനും ഇയാള്‍ വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്.