എംഎസ്എഫ് ഹരിത ഭാരവാഹികൾ വനിതാ കമ്മീഷനിൽ പരാതി നൽകിയ സംഭവത്തിൽ വിമർശനവുമായി സമസ്ത നേതാവ് സമദ് പൂക്കോട്ടൂർ. ആഭ്യന്തര പ്രശ്നം തെരുവിൽ അല്ല പറയേണ്ടതന്ന് സുന്നി യുവജന സംഘം നേതാവ് അബ്‍ദു സമദ് പൂക്കോട്ടൂർ പറഞ്ഞു. വനിതാ കമ്മീഷനെ സമീപിക്കാൻ കുടുംബ കോടതിയിലെ പ്രശ്നമാണോ എന്നും ഹരിത ഭാരവാഹികളെ അദ്ദേഹം പരിഹാസിച്ചു. എംഎസ്എഫ് പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ‘വിചാരം’ വേദിയിലാണ് വിവാദ പരാമർശം.
ആഭ്യന്തര പ്രശ്നങ്ങൾ തെരുവിൽ അല്ല പറയേണ്ടത്. വനിതാ കമ്മീഷനെ സമീപിക്കാൻ കുടുംബ കോടതിയിലെ പ്രശ്നമാണോ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ വനിതാ കമ്മീഷനെ സമീപിക്കുകയല്ല വേണ്ടത്. സമദ് പൂക്കോട്ടൂർ ‘വിചാരം’ പരിപാടിയിൽ സംസാരിക്കവെ കുറ്റപ്പെടുത്തി.
അതേസമയം വിഷയത്തിൽ പഴുതടച്ച അന്വേഷണത്തിനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചു. എം.എസ്.എഫിന്റെ നേതൃത്വത്തിലെ പ്രമുഖർക്കെതിരായ പരാതിയാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത് എന്നതിനാൽ വിഷയത്തിൽ കൃത്യമായ തെളിവ് ശേഖരണത്തിന് ശേഷം മാത്രമായിരിക്കും പ്രതികൾക്കെതിരായ നടപടിയുണ്ടാകുക. രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ഹരിത ഭാരവാഹികളുടെ പരാതി പിൻവലിപ്പിക്കാൻ മുസ്ലിം ലീഗിലെ പ്രമുഖർ ഇടപെടുമെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു.
നേരത്തെ ഹരിത ഭാരവാഹികൾ വനിതാ കമ്മിഷനെ സമീപിച്ചത് അച്ചടക്ക ലംഘനമാണെന്ന് പിഎംഎ സലാം മുന്നറിയിപ്പ് നല്ഡകിയിരുന്നു. എം.എസ്.എഫിലും ഹരിതയിലും ഉണ്ടായ ചില അനൈക്യം പാർട്ടി സംസ്ഥാന നേതൃത്വത്തിൻറെ പരിഗണനയിലിരിക്കെ ചില ഹരിത ഭാരവാഹികൾ വനിതാ കമ്മീഷനെ സമീപിച്ചതായി വാർത്തകളിൽ നിന്ന് അറിയാൻ സാധിച്ചു. ഇരു സംഘടനാ ഭാരവാഹികളുമായി ഒന്നിലധികം തവണ കോഴിക്കോട് ലീഗ് ഹൗസിൽ ഒറ്റക്കും കൂട്ടായും ചർച്ചകൾ നടത്തിയതാണ്. പിഎംഎ സലാം പറഞ്ഞു.