ഒരാള്‍ക്ക് ഒരു ചിത്രമയക്കുന്നു. അതയാള്‍ കണ്ടു കഴിഞ്ഞാലുടന്‍ അയാളുടെ ഫോണില്‍ നിന്നും പോകണമെന്ന് അയച്ചയാള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുള്ള ഓപ്ഷന്‍ വാട്ട്‌സ് ആപ്പ് ഇപ്പോള്‍ അവതരിപ്പിക്കുന്നു. പിക്ചര്‍ മാത്രമല്ല വീഡിയോയും ഇങ്ങനെ അയയ്ക്കാം. ഇന്‍സ്റ്റാഗ്രാമിനു സമാനമായ ഫീച്ചറാണിത്. വ്യൂ വണ്‍സ് എന്ന പേരിലാണിത് അറിയപ്പെടുന്നത്. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഫോട്ടോ അയയ്ക്കുമ്പോള്‍, റിസീവര്‍ അത് തുറക്കുകയും പിന്നീട് ചാറ്റ് വിട്ടു പോയി കഴിഞ്ഞാല്‍ അത് അപ്രത്യക്ഷമാവുകയും ചെയ്യും.
വ്യൂ വണ്‍സ് എന്ന പേരിലുള്ള ഫീച്ചര്‍ ഉപയോഗിച്ച് അയയ്ക്കുന്ന ഒരു ഫോട്ടോയും വീഡിയോയും സ്വീകര്‍ത്താവിന്റെ ഫോട്ടോകളിലേക്കോ ഗാലറിയിലേക്കോ സേവ് ആകില്ലെന്ന് വാട്ട്‌സ്ആപ്പ് സ്ഥിരീകരിച്ചു. സന്ദേശങ്ങള്‍ അയച്ചതോ സ്വീകരിച്ചതോ ആയ ഫോട്ടോകളോ വീഡിയോകളോ ഫോര്‍വേഡ് ചെയ്യാനോ സേവ് ചെയ്യാനോ സ്റ്റാര്‍ ചെയ്യാനോ ഷെയര്‍ ചെയ്യാനോ അനുവദിക്കില്ല. ഫോട്ടോയോ വീഡിയോയോ അയച്ച് 14 ദിവസത്തിനുള്ളില്‍ നിങ്ങള്‍ തുറക്കുന്നില്ലെങ്കില്‍, ചാറ്റില്‍ നിന്ന് മീഡിയ ഡിലീറ്റാകുമെന്നും പറയുന്നു. എങ്കിലും, ബാക്കപ്പ് സമയത്ത് മെസേജ് വായിക്കാതെ തുടരുകയാണെങ്കില്‍, ബാക്കപ്പില്‍ നിന്ന് ഇത് പുനഃസ്ഥാപിക്കാന്‍ കഴിയും. ഫോട്ടോയോ വീഡിയോയോ തുറന്നിട്ടുണ്ടെങ്കില്‍, മീഡിയ ബാക്കപ്പില്‍ ഉള്‍പ്പെടുത്തുകയില്ല.
മീഡിയ അപ്രത്യക്ഷമാകുന്നതിനുമുമ്പ് സ്‌ക്രീന്‍ഷോട്ട് ചെയ്യാനോ സ്‌ക്രീന്‍ റെക്കോര്‍ഡിംഗ് എടുക്കാനോ വാട്ട്‌സ്ആപ്പ് അനുവദിക്കുന്നു. കൂടാതെ, ആരെങ്കിലും സ്‌ക്രീന്‍ഷോട്ടോ സ്‌ക്രീന്‍ റെക്കോര്‍ഡോ എടുക്കുകയാണെങ്കില്‍ വ്യക്തിക്ക് അറിയിപ്പ് ലഭിക്കുകയുമില്ല.
അത് അപ്രത്യക്ഷമാകുന്നതിനുമുമ്പ് ഒരാള്‍ക്ക് ക്യാമറയോ മറ്റേതെങ്കിലും ഉപകരണമോ ഉപയോഗിച്ച് മീഡിയയുടെ ഫോട്ടോയോ വീഡിയോയോ എടുക്കാന്‍ കഴിയുമെന്നും വാട്ട്‌സ്ആപ്പ് മുന്നറിയിപ്പ് നല്‍കുന്നു. എന്‍ക്രിപ്റ്റ് ചെയ്ത മീഡിയ നിങ്ങള്‍ അയച്ചതിന് ശേഷം വാട്ട്‌സ്ആപ്പിന്റെ സെര്‍വറുകളില്‍ കുറച്ച് ആഴ്ചകള്‍ സംഭരിക്കാനിടയുണ്ടെന്ന് കമ്പനി പറയുന്നു.
വാട്ട്‌സ്ആപ്പില്‍ വ്യൂ വണ്‍സ് മീഡിയ എങ്ങനെ അയയ്ക്കാം?
ഘട്ടം 1: വാട്ട്‌സ്ആപ്പ് തുറന്ന് അറ്റാച്ച്‌മെന്റ് ഐക്കണില്‍ ടാപ്പുചെയ്യുക.
ഘട്ടം 2: ഗ്യാലറിയിലേക്ക് പോയി നിങ്ങളുടെ കോണ്‍ടാക്റ്റിലേക്ക് അയയ്‌ക്കേണ്ട ഫോട്ടോ അല്ലെങ്കില്‍ വീഡിയോ തിരഞ്ഞെടുക്കുക.
ഘട്ടം 3: ഇത് തിരഞ്ഞെടുത്ത ശേഷം, ‘ഒരു അടിക്കുറിപ്പ് ചേര്‍ക്കുക’ ബാറില്‍ ഒരു ക്ലോക്ക് പോലുള്ള ഐക്കണ്‍ കാണാം, വ്യൂ വണ്‍സ് ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ അതില്‍ ടാപ്പുചെയ്യുക. തുടര്‍ന്ന് ‘ഫോട്ടോ സെറ്റ് ടു വണ്‍സ് വ്യൂ’ എന്ന് പറയുന്ന ഒരു മെസേജ് ആപ്പ് കാണിക്കും. ഇനി സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അപ്രത്യക്ഷമാകുന്ന ഫോട്ടോകള്‍ അയയ്ക്കാം.