അബുദാബി : ഒരേവീട്ടിൽ 40 വർഷം ഡ്രൈവറായി സേവനം. അതും ഒരു സ്വദേശി കുടുംബത്തിന്റെ വീട്ടിൽ. കേൾക്കുമ്പോൾ ചെറിയൊരു അദ്ഭുതം തോന്നാമെങ്കിലും അറബ് മണ്ണിൽ വേരാഴ്ന്നുപോയ ഒരു മലയാളിയുടെ ജീവിതം മാറിമറിഞ്ഞ കഥയാണ് കാസർകോട് മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ കാവുഗോളി ചൗക്കി കല്പന ഹൗസിലെ അന്ത്രുവെന്ന (64) അബ്ദുൽ റഹ്മാന്റേത്. സ്വദേശി കുടുംബത്തിന്റെ വികാരനിർഭരമായ യാത്രയയപ്പ് ഏറ്റുവാങ്ങിയാണ് അബ്ദുൽ റഹ്മാന്റെ നാട്ടിലേക്കുള്ള മടക്കയാത്ര.
1978-ൽ 17-ാം വയസ്സിൽ അബ്ദുൽ റഹ്മാൻ യു.എ.ഇയിലെത്തിയത്. കാര്യമായ വിദ്യാഭ്യാസം ലഭിക്കാത്തതുകൊണ്ട് വളരെ ചെറുപ്പത്തിൽ മുംബൈലേക്ക് വണ്ടികയറി. പിന്നീട് ദുബായിലേക്കും ചേക്കേറുകയായിരുന്നു. ദുബായിൽ 1982 വരെ ഒരു സ്വദേശി വീട്ടിലായിരുന്നു ജോലി. പിന്നീട് ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കി അബുദാബിയിലെത്തി. അവിടെയും ഒരു സ്വദേശിയുടെ വീട്ടിൽ ഹൗസ് ഡ്രൈവറായി ഉപജീവനമാരംഭിച്ചു. കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോവുകയും തിരിച്ചുകൊണ്ടുവരികയും കുടുംബാംഗങ്ങളെ ദുബായിലേക്കും മറ്റും കൊണ്ടുപോവുകയായിരുന്നു പ്രധാന ജോലി. വളരെ പെട്ടെന്ന് ആ കുടുംബത്തിന് പ്രിയപ്പെട്ടയാളായി മാറി. കുടുംബത്തിലെ ഒരംഗത്തെപോലെയാണ് തന്നോട് ഇന്നുവരെ എല്ലാവരും പെരുമാറിയിട്ടുള്ളതെന്ന് അബ്ദുൽ റഹ്മാൻ പറയുന്നു.
തനിക്കൊരു മികച്ച ജീവിതം സമ്മാനിച്ച പോറ്റമ്മ നാടിനെ വിട്ടുപോകുന്നു എന്ന ദുഃഖം ഇദ്ദേഹത്തിനുണ്ട്. വിസ റദ്ദാക്കാതെ പോയി ആറുമാസം നാട്ടിൽ കഴിഞ്ഞ് തിരിച്ചുവരാനായിരുന്നു തൊഴിലുടമയുടെ അഭ്യർഥന. പക്ഷേ, പിറന്ന നാട്ടിൽകൂടി കുറേക്കാലം ജീവിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. ഭാര്യ: ഖദീജ, മക്കൾ: ദിൽഷാദ് (അബുദാബിയിൽ ഫാർമസിസ്റ്റ്), റിസ് വാൻ (അഡ്‌നോക്കിൽ സൂപ്പർവൈസർ), അയിഷത്ത് അർഷാന, റസിയ, മുഹമ്മദ് മിദ്‌ലാജ്.