ദില്ലി: ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അണ്ടർ 19 ടീം മുൻ നായകൻ ഉൻമുക്ത് ചന്ദ്. ലോകത്തെ മറ്റിടങ്ങളിൽ മികച്ച അവസരങ്ങൾ തേടിയാണ് തീരുമാനമെന്ന് ഇരുപത്തെട്ടുകാരനായ ഉൻമുക്ത് ചന്ദ് ട്വിറ്ററിൽ കുറിച്ചു.
2012 ൽ അണ്ടർ 19 ലോകകിരീടം നേടിയ ഇന്ത്യൻ ടീമിനെ നയിച്ച ഉൻമുക്ത് ചന്ദ് ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ ഭാവിവാഗ്ദാനമായി വിലയിരുത്തപ്പെട്ടിരുന്നു. ഇന്ത്യ എ ടീമിന്‍റെ നായകനുമായി. എന്നാൽ ദേശീയ ടീമിൽ ചന്ദിന് അവസരം തേടിയെത്തിയില്ല.
ഐപിഎല്ലിൽ ഡൽഹി,രാജസ്ഥാൻ, മുംബൈ ടീമുകളിൽ കളിച്ചു. അണ്ടര്‍ 19 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ പുറത്താകാതെ നേടിയ 111 റൺസ് അണ്ടർ 19 ക്രിക്കറ്റിലെ മികച്ച ഇന്നിംഗ്സുകളിലൊന്നായി വിലയിരുത്തപ്പെടുന്നു.
അമേരിക്കൻ ലീഗ് ലക്ഷ്യമിട്ടാണ് ഉൻമുക്ത് ചന്ദിന്‍റെ വിരമിക്കലെന്നാണ് സൂചന. അണ്ടര്‍ 19 ലോകകപ്പില്‍ ഉന്‍മുക്തിന്‍റെ സഹതാരവും വിക്കറ്റ് കീപ്പറുമായിരുന്ന സ്മിത് പട്ടേൽ നിലവിൽ ലീഗിൽ കളിക്കുന്നുണ്ട്. ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഉൻമുക്ത് ചന്ദ് സെഞ്ചുറി നേടിയപ്പോൾ സ്മിത് പട്ടേൽ 62 റൺസുമായി ഇന്ത്യൻ ജയത്തിൽ നിർണായക സംഭാവന നൽകി.