കൊച്ചി: കൊച്ചിയില്‍ 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്ന ആരോപണം ബലപ്പെടുന്നു. റെയ്ഡില്‍ ഏഴ് പേരെ പിടികൂടിയെങ്കിലും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇത് അഞ്ചായി ചുരുങ്ങി.
റെയ്ഡില്‍ പിടൂകൂടിയ യുവതിയേയും മറ്റൊരാളേയും എക്സൈസ് ഒഴിവാക്കിയാണ് കോടതിയില്‍ ഹാജരാക്കിയത്. തിരുവനന്തപുരത്ത് നിന്നെത്തിയ സ്പെഷ്യല്‍ സ്‌ക്വാഡാണ് കാക്കാനാട്ടെ ഫ്ളാറ്റുകളില്‍ നിന്ന് എംഡിഎംഎ പിടികൂടുന്നത്. ഇതിനോടൊപ്പം പിടികൂടിയ രണ്ടുപേരെ എറണാകുളം റേഞ്ച് എക്സൈസ് ഓഫീസില്‍ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് എക്സൈസും കസ്റ്റംസും ചേര്‍ന്ന് മറ്റു രണ്ട് ഫ്ളാറ്റുകള്‍ റെയ്ഡ് ചെയ്ത് ഏഴു പേരെ പിടികൂടുന്നത്.
ഏഴുപേരുടേയും ചിത്രങ്ങളും വിവരങ്ങളുമടക്കം കസ്റ്റംസ് പുറത്തുവിട്ടിരുന്നു. ഒരു കിലോയിലേറെ എംഡിഎംഎ പിടികൂടിയെന്ന് ആദ്യ വിവരമുണ്ടായിരുന്നെങ്കിലും കോടതിയിലെത്തിയപ്പോള്‍ 84 ഗ്രാമായി. ഒപ്പം ഏഴ് പ്രതികള്‍ അഞ്ചായി ചുരുങ്ങുകയും ചെയ്തു.
റെയ്ഡ് സമയത്ത് വന്ന രണ്ടുപേരെയാണ് ഒഴിവാക്കുന്നതെന്നാണ് മഹസറില്‍ എക്സൈസ് ഇതിന് നല്‍കുന്ന വിശദീകരണം. അതേ സമയം റെയ്ഡ് സമയത്ത് വന്നവരെ എന്തിന് പിടികൂടിയെന്നും പ്രതികള്‍ക്കൊപ്പം അവരുടെ ചിത്രങ്ങള്‍ എന്തിന് പുറത്തുവിട്ടുവെന്നും എക്സൈസിന് ഉത്തരമില്ല.
എന്നാല്‍ കേസില്‍ കൃത്യമായി അട്ടിമറി നടന്നുവെന്നതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നതെന്നാണ് ആരോപണം. ഒരു കിലോ എംഡിഎംഎ ആരില്‍ നിന്ന് പിടികൂടി എന്നൊന്നും എഫ്ഐആറില്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല.