തിരുവനന്തപുരം: ജീവിതത്തിൽ ഒരു നയാ പൈസയുടെ തിരിമറി നടത്താത്ത പാണക്കാട് ഹൈദരലി തങ്ങൾക്ക് അയച്ച നോട്ടീസ് ഇഡി പിൻവലിക്കണമെന്ന് മുൻ മന്ത്രി കെടി ജലീൽ. നിയമസഭാ യോഗത്തിന് ശേഷം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടീസ് അയക്കേണ്ടത് കുഞ്ഞാലിക്കുട്ടിക്കെതിരെയെന്നും കെടി ജലീൽ പറഞ്ഞു.
ഇഡിക്ക് ആരാണ് കുറ്റവാളിയെന്ന് അറിയാം. ഹൈദരലി തങ്ങൾക്ക് നൽകിയ നോട്ടീസ് പിൻവലിക്കണം. നോട്ടീസ് കുഞ്ഞാലിക്കുട്ടിക്ക് നൽകണം. ഹൈദരലി ശിഹാബ് തങ്ങളെ ചതിക്കുഴിയിൽ വീഴ്ത്തുന്ന കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗിനെയും സമുദായത്തെയും നാല് വെളളിക്കാശിന് വിറ്റുതുലക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് പുറത്തുള്ള ചന്ദ്രികയുടെ എഡിഷനുകളെല്ലാം നിർത്തി. കെഎംസിസി വഴിയും കുഞ്ഞാലിക്കുട്ടി പണം തട്ടിക്കുന്നു. ആത്മാർത്ഥമായി മുസ്ലീം ലീഗിനെ സ്നേഹികുന്നവർക്ക് വലിയ വേദനയാണിത്. ഇഡി തങ്ങൾക്കെതിരായ നോട്ടീസ് പിൻവലിക്കണമെന്നത് താൻ നടത്തുന്ന അഭ്യർത്ഥന മാത്രം. എല്ലാ ഉത്തരവാദിത്തങ്ങളും കുഞ്ഞാലിക്കുട്ടി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുഞ്ഞാലിക്കുട്ടിയുടെ മകൻ മൂന്നരക്കോടി സഹകരണ ബാങ്കിലേക്ക് മാറ്റിയത് കൂടുതൽ പലിശ അടിച്ച് മാറ്റാനാണോയെന്ന് കെടി ജലീൽ ചോദിച്ചു. തനിക്ക് ഇഡിയിൽ അല്ല വിശ്വാസം. എന്നാൽ യു ഡി എഫിനും ലീഗിനും ഇഡിയിൽ ആയിരുന്നല്ലോ വിശ്വാസമെന്നും ജലീൽ ചോദിച്ചു. എആർ നഗർ സർവീസ് സഹകരണ ബാങ്കിൽ 600 കോടിയോളം രേഖകളില്ലാത്ത പണമുണ്ടെന്നും ഹൈദരലി തങ്ങൾക്ക് വേണ്ടി പറയാൻ ലീഗുകാർക്ക് ആഗ്രഹമുണ്ടെങ്കിലും കുഞ്ഞാലിക്കുട്ടിയെ പേടിയാണെന്നും ജലീൽ പറഞ്ഞു.