സർട്ടിഫിക്കറ്റില്ലെങ്കിൽ ക്വാറന്റീൻ കേന്ദ്രത്തിലേക്ക്; കേരളത്തിൽ രോഗികൾ കുറയും വരെ നിയന്ത്രണം തുടരുമെന്ന് കർണാടക

0
263

മംഗളൂരു: കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും 72 മണിക്കൂറിനിടെ പരിശോധിച്ച ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് ഇല്ലാതെ എത്തുന്ന യാത്രക്കാരെ മംഗളൂരു റെയിൽവേ സ്‌റ്റേഷനിൽ പരിശോധിച്ചു തുടങ്ങി. സ്രവം ശേഖരിച്ച ശേഷം ഇവരെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്കു മാറ്റും. ഇതിനായി മംഗളൂരുവിൽ താൽക്കാലിക ക്വാറന്റീൻ കേന്ദ്രങ്ങൾ തുറന്നു. പുരുഷന്മാർക്കു മംഗളൂരു ടൗൺ ഹാളിലും സ്ത്രീകൾക്കു റൊസാരിയോ സ്‌കൂളിലുമാണു ക്വാറന്റീൻ സംവിധാനം ഒരുക്കിയിരിക്കുന്നത്.

പരിശോധനാഫലം മൊബൈൽ ഫോണിൽ സന്ദേശമായി വന്ന ശേഷമേ ഇവരെ വിടൂ.  മംഗളൂരുവിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പരിശോധന ഏർപ്പെടുത്തും. അതേസമയം, മതിയായ സൗകര്യങ്ങളും സംവിധാനങ്ങളും ഒന്നുമില്ലാത്ത താൽക്കാലിക ക്വാറന്റീൻ കേന്ദ്രങ്ങൾ രോഗപകർച്ചാ കേന്ദ്രങ്ങളായേക്കുമെന്ന ആശങ്കയിലാണ് ഇവിടെ പ്രവേശിപ്പിക്കപ്പെട്ടവർ. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് അതിർത്തി കടക്കാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കിയ കർണാടകയുടെ നടപടിയിൽ അതിർത്തിയിൽ ഇന്നലെയും പ്രതിഷേധം തുടർന്നു.

ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് ഇല്ലാതെ എത്തിയവരെ അതിർത്തി കടക്കാൻ അനുവദിക്കാതെ കർണാടക പൊലീസ് തിരിച്ചു വിട്ടു. കർണാടകയുടെ നടപടിക്കെതിരെ സർവകക്ഷി പ്രതിഷേധവും റോഡ് ഉപരോധവും നടന്നു. കർണാടകത്തിൽ നിന്നു കേരളത്തിലേക്കു വരികയായിരുന്ന ഏതാനം വാഹനങ്ങൾ പ്രതിഷേധക്കാരിൽ ചിലർ തടഞ്ഞു. കാസർകോട് ഡിസിസി അംഗം അർഷാദ് വോർക്കാടി, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ബി.ജയാനന്ദ, മുസ്‌ലിം ലീഗ് നേതാവ് സൈഫുള്ള തങ്ങൾ, എസ്ഡിപിഐ നേതാവ് ഹമീദ് ഹൊസങ്കടി എന്നിവർ ഉപരോധത്തിനു നേതൃത്വം നൽകി.

അതിർത്തി മേഖലകളിൽ മദ്യവിൽപന  നിരോധിച്ചു

മംഗളൂരു ∙ ദക്ഷിണ കന്നഡ ജില്ലയുടെ കാസർകോട് അതിർത്തി മേഖലകളിൽ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മദ്യ വിൽപന നിരോധിച്ചു. കാസർകോടു നിന്ന് ആളുകൾ മദ്യപിക്കാൻ ജില്ലയുടെ അതിർത്തി മേഖലകളിൽ എത്തുന്നതു തടയാനാണു നടപടിയെന്നു ജില്ലാ ഡപ്യൂട്ടി കമ്മിഷണർ ഡോ.കെ.വി.രാജേന്ദ്ര അറിയിച്ചു. അതിർത്തി മേഖലയിലെ വൈൻഷോപ്പുകൾ, ബാറുകൾ, കള്ളുഷാപ്പുകൾ തുടങ്ങിയവയെല്ലാം ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ അടച്ചിടാനാണു നിർദേശം. സംസ്ഥാന അതിർത്തിയിൽ നിന്ന് 5 കിലോമീറ്റർ പരിധിക്കുള്ളിലാണു വിലക്ക്. ഇതോടെ മംഗളൂരു, ബണ്ട്വാൾ, പുത്തൂർ, സുള്ള്യ താലൂക്കുകളിലായി 24 മദ്യവിൽപനശാലകളും 5 കള്ളുഷാപ്പുകളുമാണ് അടയ്ക്കുക.

കേരളത്തിൽ രോഗികൾ കുറയും വരെ നിയന്ത്രണം തുടരുമെന്ന് കർണാടക

തലപ്പാടി ∙ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് അതിർത്തി കടക്കാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കിയ നടപടി കേരളത്തിൽ രോഗസ്ഥിരീകരണ നിരക്ക് കുറയുന്നതു വരെ തുടരുമെന്നു ക്രമസമാധാന ചുമതലയുള്ള കർണാടക എഡിജിപി സി.എച്ച്.പ്രതാപ് റെഡ്ഡി പറഞ്ഞു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ദക്ഷിണ കന്നഡ ജില്ലയുടെ കാസർകോട് അതിർത്തി പാതകളിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം, ‘ആളുകളെ ബുദ്ധിമുട്ടിക്കലല്ല, അനാവശ്യ യാത്രക്കാരെ ഒഴിവാക്കലാണു നടപടി കൊണ്ടു ലക്ഷ്യമിടുന്നത്.

വിദ്യാർഥികൾ, രോഗികൾ തുടങ്ങിയവർക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നു കർശന നിർദേശം നൽകിയിട്ടുണ്ട്. മതിയായ രേഖകൾ സഹിതം അതിർത്തിയിൽ പരിശോധന നടത്തുന്നവരെ ഇക്കാര്യം ബോധ്യപ്പെടുത്തിയാൽ യാത്രാനുമതി നൽകും. മറ്റെല്ലാവരും ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കണം.’ അദ്ദേഹം വ്യക്തമാക്കി. വാക്‌സീൻ എടുത്താലും കോവിഡ് ബാധിക്കാനും വാഹകനാവാനും സാധ്യത ഉള്ളതിനാലാണ് അതിർത്തി കടക്കാൻ ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കിയതെന്നു മംഗളൂരു സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മീഷണർ ഹരിറാം ശങ്കർ പറ‍ഞ്ഞു.

അതിർത്തിയിലെ നിയന്ത്രണം ഇങ്ങനെ

∙ അതിർത്തി കടക്കാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നിർബന്ധം
∙ ഹാൾ ടിക്കറ്റും രേഖകളും ഹാജരാക്കിയാൽ പരീക്ഷ എഴുതുന്ന വിദ്യാർഥികളെ കടത്തിവിടും
∙ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ കടത്തിവിടും. ആശുപത്രിയിൽ പോകുന്ന മറ്റു രോഗികൾക്കു സർട്ടിഫിക്കറ്റ് നിർബന്ധം.
∙ പ്രതിദിന യാത്രക്കാർ 7 ദിവസം കൂടുമ്പോൾ ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. നേരത്തെ ഇത് 15 ദിവസത്തിൽ ഒരിക്കലായിരുന്നു.
∙ വിമാന യാത്രക്കാരെ ടിക്കറ്റ് കാണിച്ചാൽ കടത്തി വിടും. ഇവർ സഞ്ചരിക്കുന്ന വാഹനത്തിന്റെ ഡ്രൈവർക്കും ഇളവു നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here