വോട്ടര്‍ ഐ.ഡി കാര്‍ഡ് ഇനി ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം: 27 ഇനം സര്‍ട്ടിഫിക്കറ്റുകളും

0
334

എടപ്പാൾ: തിരഞ്ഞെടുപ്പുകമ്മിഷൻ നൽകുന്ന ഇലക്‌ഷൻ ഐ.ഡി. കാർഡിനും റവന്യൂ ഓഫീസ് മുഖേന ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾക്കും ഇനി ഓഫീസുകളിലും ജനസേവന കേന്ദ്രങ്ങളിലും കയറിയിറങ്ങേണ്ട. സ്വന്തം സ്‌മാർട്ട്ഫോണിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സംവിധാനം വരുന്നു.

വോട്ടർപട്ടികയിൽ പേരുചേർത്താൽ ജനസേവനകേന്ദ്രം മുഖേനയോ ഓൺലൈനിലോ ഐ.ഡി. കാർഡിന് അപേക്ഷിക്കാം. താലൂക്ക് ഓഫീസിൽനിന്നത് വില്ലേജ് ഓഫീസിലെത്തി ബൂത്ത്‌ലെവൽ ഓഫീസർ (ബി.എൽ.ഒ.) പരിശോധിച്ച് ഉറപ്പുവരുത്തി വില്ലേജ് വഴി താലൂക്കിലെത്തിയാണ് കാർഡ് അനുവദിക്കുന്നത്.

പിന്നീട് തപാൽവഴി വോട്ടർക്കു ലഭിക്കും. ഇനി കാർഡ് അനുവദിച്ചുകഴിഞ്ഞാൽ ലഭിക്കുന്ന അറിയിപ്പനുസരിച്ച് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന https://www.nvsp.in/ സന്ദർശിച്ച് E-EPIC ക്ലിക്കുചെയ്ത് ലോഗിൻചെയ്താൽ ഐ.ഡി. കാർഡ്‌ ഡൗൺലോഡ് ചെയ്യാം.

അതിൽ ലഭിക്കുന്ന ഒ.ടി.പി. നൽകിയാൽ കാർഡ് മൊബൈൽഫോണിൽ ലഭ്യമാകും. ഇത് പ്രിന്റെടുത്ത് ലാമിനേറ്റുചെയ്തോ അല്ലാതെയോ സൂക്ഷിക്കാം. പുതുതായി വോട്ടർപട്ടികയിൽ പേരുചേർക്കുന്നവർക്ക് ഈ സൗകര്യം ലഭ്യമാകും.

ഇ-ഡിസ്ട്രിക്‌ട്‌ സർട്ടിഫിക്കറ്റുകളും

റവന്യൂ സർട്ടിഫിക്കറ്റുകൾക്കായുള്ള ഇ-ഡിസ്ട്രിക്‌ട്‌ വഴി അനുവദിക്കുന്ന 27 ഇനം സർട്ടിഫിക്കറ്റുകളും ഇനി ഫോണിലൂടെ ലഭിക്കും. അപേക്ഷ അംഗീകരിച്ച് വരുന്ന എസ്.എം.എസിനൊപ്പം ഒരു ലിങ്കും വരും. ഈ ലിങ്കിൽ കയറിയാൽ നമുക്കനുവദിച്ച സർട്ടിഫിക്കറ്റ് ഡൗൺലോഡാകും.

നേരത്തേ അപ്രൂവ്‌ചെയ്താലും അക്ഷയ കേന്ദ്രത്തിൽ പോയി വേണമായിരുന്നു പ്രിന്റെടുക്കാൻ. റവന്യൂ ഓഫീസുകൾ കൂടുതൽ ജനകീയമാക്കാനായി ലാൻഡ് റവന്യൂ കമ്മീഷണറും മന്ത്രിയും ഓഫീസർമാരുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ മലപ്പുറം ജില്ലയിൽനിന്നുള്ള ഉദ്യോഗസ്ഥർ നൽകിയ ആശയമാണ് ഇതിലൂടെ യാഥാർഥ്യമായിട്ടുള്ളത്.

വരുമാനം, ജാതി, നേറ്റിവിറ്റി, കൈവശാവകാശം, വൺ ആൻഡ് സെയിം തുടങ്ങി സാധാരണക്കാർക്ക് ദൈനംദിനം ആവശ്യംവരുന്ന നിരവധി സർട്ടിഫിക്കറ്റുകൾ മൊബൈൽ വഴി ലഭ്യമാകുന്നതോടെ കോവിഡ് കാലത്ത് വലിയ ഗുണമാണ് ജനങ്ങൾക്കും വിദ്യാർഥികൾക്കുമെല്ലാമുണ്ടാകുക.

LEAVE A REPLY

Please enter your comment!
Please enter your name here