കാസർകോട്: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്താനായി സ്ത്രീകളെ വ്യാപകമായി ഉപയോഗിക്കുന്ന സംഘങ്ങൾ സജീവം. കാസര്‍കോട് സ്വദേശികളുടെ നേതൃത്വത്തിലാണ് സ്ത്രീകളെ ഇതിനായി റിക്രൂട്ട് ചെയ്യുന്നതെന്ന് സംഘത്തില്‍ അകപ്പെട്ട മദ്ധ്യവയസ്ക വെളിപ്പെടുത്തി. സ്വര്‍ണ്ണം കടത്താന്‍ വിസമ്മതിച്ചപ്പോള്‍ ദിവസങ്ങളോളം ഭക്ഷണം നല്‍കിയില്ലെന്നും കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയപ്പോഴാണ് നാട്ടിലേക്ക് കയറ്റി വിട്ടതെന്നും കാസര്‍കോട് സ്വദേശിയായ സ്ത്രീ പറഞ്ഞു.
അത്തറും വസ്ത്രങ്ങളും കൊണ്ട് വരാനുണ്ടെന്ന് പറഞ്ഞാണ് കാസര്‍കോട് സ്വദേശിയായ 51 വയസുകാരിയെ ദുബായിലെത്തിച്ചത്. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് സ്വര്‍ണ്ണക്കടത്ത് സംഘമാണെന്ന് മനസിലായത്. കാസർകോട് ചട്ടംഞ്ചാല്‍ സ്വദേശിയായ ഹുദൈഫയാണ് റിക്രൂട്ട് ചെയ്തത്. ദുബായില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ബേക്കല്‍ സ്വദേശിയായ മുഹമ്മദാണെന്നും ഇവര്‍ പറയുന്നു. സ്വര്‍ണ്ണം പൊടി രൂപത്തിലും മിശ്രിത രൂപത്തിലും ആക്കിയാണ് കടത്ത്. സ്വര്‍ണ്ണം കടത്താന്‍ വിസമ്മതിച്ചതോടെ ഭക്ഷണം നല്‍കിയില്ലെന്നും 17 ദിവസങ്ങള്‍ക്ക് ശേഷമാണ് നാട്ടിലേക്ക് പോരാനായതെന്നും ഇവർ പറയുന്നു.
45 വയസിന് മുകളില്‍ പ്രായമുള്ള, ദാരിദ്രവും രോഗവും മൂലം കഷ്ടപ്പെടുന്ന സ്ത്രീകളെയാണ് സ്വര്‍ണ്ണക്കടത്ത് സംഘം യുഎഇയിലേക്ക് കൊണ്ട് പോകുന്നത്. അവിടെ എത്തുമ്പോള്‍ മാത്രമായിരിക്കും സ്വര്‍ണ്ണം കടത്താനാണ് എത്തിച്ചതെന്ന് പലര്‍ക്കും മനസിലാവുക. സംഭവത്തിൽ പൊലീസ് സൂപ്രണ്ട് അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.