വാക്‌സിന്‍ സ്ലോട്ട് ഇനി വാട്‌സ്ആപ്പില്‍ ബുക്ക് ചെയ്യാം; അറിയേണ്ടതെല്ലാം

0
329

ന്യൂഡല്‍ഹി:  സമീപത്തെ വാക്‌സിനേഷന്‍ കേന്ദ്രം ഏതാണെന്ന് തിരിച്ചറിയാനും സ്ലോട്ട് ബുക്ക് ചെയ്യാനും സൗകര്യം ഒരുക്കി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. മൈജിഒവി കൊറോണ ഹെല്‍പ്പ് ഡെസ്‌ക് വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കിയാണ് സേവനം നല്‍കുന്നത്.

ഓഗസ്റ്റ് അഞ്ചിന് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം വാട്‌സ്ആപ്പ് ഒരുക്കിയിരുന്നു. 32ലക്ഷത്തിലധികം ഉപയോക്താക്കളാണ് ഇത് പ്രയോജനപ്പെടുത്തിയതെന്ന് വാട്‌സ്ആപ്പ് അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ചിലാണ്  മൈജിഒവി കൊറോണ ഹെല്‍പ്പ് ഡെസ്‌ക് വാട്‌സ്ആപ്പ് ആരംഭിച്ചത്. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യതയോടെ കൈമാറാന്‍ ലക്ഷ്യമിട്ടാണ് ഈ സേവനം തുടങ്ങിയത്. ഇന്ത്യയിലെ 4.1 കോടി ഉപയോക്താക്കള്‍ക്ക് കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ സഹായകമാകുക എന്ന ലക്ഷ്യത്തോടെയാണ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചതെന്നും വാട്‌സ്ആപ്പ് അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഉപരി ജനങ്ങള്‍ക്ക് കൂടുതല്‍ സേവനം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചതെന്ന് മൈജിഒവി സിഇഒ അഭിഷേക് സിങ് അറിയിച്ചു. ഇതനുസരിച്ച് തൊട്ടടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രം ഏതാണെന്ന് തിരിച്ചറിയാനും സ്ലോട്ട് ബുക്ക് ചെയ്യാനും സാധിക്കും. ഇതിന്റെ ഭാഗമായി +91 9013151515 എന്ന വാട്‌സ്ആപ്പ് നമ്പര്‍ മൊബൈലില്‍ സേവ് ചെയ്യണം.

ബുക്ക് സ്ലോട്ട് എന്ന് ടൈപ്പ് ചെയ്ത് ഈ നമ്പറിലേക്ക് അയച്ചാണ് വാക്‌സിന്‍ ബുക്ക് ചെയ്യേണ്ടത്. ഇതിന് പിന്നാലെ ആറക്ക നമ്പര്‍ വണ്‍ ടൈം പാസ് വേര്‍ഡായി ലഭിക്കും. തുടര്‍ന്ന് ഇഷ്ടമുള്ള ദിവസവും വാക്‌സിനേഷന്‍ കേന്ദ്രവും തെരഞ്ഞെടുത്ത് വാക്‌സിന്‍ ബുക്ക് ചെയ്യാവുന്നതാണ്. പിന്‍കോഡും ലൊക്കേഷനും കൈമാറിയാണ് ബുക്കിംഗ് പൂര്‍ത്തിയാക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here