ആലപ്പുഴ: കൊവിഡ് വാക്സിനേഷൻ സംബന്ധിച്ചുള്ള വ്യാജ വാർത്തയ്ക്കെതിരെ നിയമ നടപടിയുമായി പൊലീസ്. കൊവിഡ് വാക്സിൻ എടുക്കുന്നവരും എടുക്കാൻ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കാൻ പാടില്ലെന്നായിരുന്നു വ്യാജ പ്രചാരണം. വാക്സിനെടുത്ത ശേഷം ചിക്കൻ കഴിച്ച് രണ്ട് പേർ മരണപ്പെട്ടുവെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ ശബ്ദ സന്ദേശത്തിൽ പറയുന്നു. വാക്സിൻ എടുത്തവർ 14 ദിവസം സ്വന്തം വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രമേ കഴിക്കാവൂ എന്നും ശബ്ദ സന്ദേശത്തിലുണ്ട്.
ഇത് ശ്രദ്ധയിൽപെട്ടതിന്ന പിന്നാലെയാണ് നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവി ജി ജയദേവ് നിർദേശം നൽകിയത്. സംഭവത്തിൽ വള്ളികുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.