ന്യൂദല്‍ഹി: രാജ്യത്തെ ആറ് ലക്ഷം കോടിയുടെ ആസ്തി വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തി വിറ്റ് ആറുലക്ഷം കോടി രൂപ നേടാനുള്ള പാക്കേജാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.
റോഡ്, റെയില്‍വേ, ഊര്‍ജം, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, സംഭരണശാലകള്‍, വൈദ്യുതിനിലയങ്ങള്‍, ഖനികള്‍ തുടങ്ങി 13 അടിസ്ഥാനസൗകര്യ മേഖലകളിലെ ഇരുപതിലധികം ആസ്തികളില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവന്നാണ് ഇത്രയും തുക സമാഹരിക്കുകയെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, ഇവയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനുതന്നെയായിരിക്കുമെന്നും നിശ്ചിത കാലത്തിനുശേഷം തിരിച്ചെടുക്കാന്‍ വ്യവസ്ഥ ചെയ്യുമെന്നും മന്ത്രി അവകാശപ്പെടുന്നുണ്ട്.
നീതി ആയോഗാണ് കൈമാറ്റ നടപടിക്രമം തയ്യാറാക്കിയത്. ബജറ്റില്‍ പ്രഖ്യാപിച്ച ഏകദേശം 43 ലക്ഷം കോടിയോളം വരുന്ന ആസ്തിവില്‍പനയുടെ 14 ശതമാനം വരുന്നതാണിവ.
വെയര്‍ഹൗസിങ്, ഖനനം, വ്യോമയാനം, തുറമുഖം, സ്റ്റേഡിയങ്ങള്‍, നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കള്‍ എന്നിവയടക്കം വിറ്റഴിക്കുന്നതില്‍ ഉള്‍പ്പെടും.
കോഴിക്കോട് വിമാനത്താവളം ഉള്‍പ്പെടെ 25 വിമാനത്താവളങ്ങളുടെ വില്‍പനയിലൂടെ 20,782 കോടി (18 ശതമാനം) സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 2023ലാണ് കോഴിക്കോട് വിമാനത്താവളം സംബന്ധിച്ച് പദ്ധതിയിട്ടിരിക്കുന്നത്.