ന്യൂഡൽഹി: രണ്ട് ഡോസ് വാക്സിനെടുത്തതിന്റെ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മറ്റ് നിബന്ധനകളില്ലാതെ അന്തർസംസ്ഥാന യാത്ര അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരക്കാർക്ക് സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കാൻ ആർ ടി പി സി ആറിന്റെ നെഗറ്റീവ് ഫലം വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും കേന്ദ്രം നിർദേശിച്ചു.
നേരത്തെ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി കിഷൻ റെഡ്ഡി ഈ ആവശ്യം ലോക്‌സഭയിൽ ഉന്നയിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇക്കാര്യം രേഖാമൂലം ചൂണ്ടിക്കാട്ടി കേന്ദ്ര ടൂറിസം മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരിക്കുന്നത്.
നിലവിൽ സിക്കിമും മഹാരാഷ്ട്രയും മാത്രമാണ് രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് അന്തർ സംസ്ഥാന യാത്രകൾ അനുവദിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഇക്കാര്യത്തിൽ വ്യത്യസ്ഥമായ സമീപനമാണ് സ്വീകരിച്ചു വരുന്നത്. ബംഗാൾ, കർണാടക ഉൾപ്പെടെയുള്ളിടത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ആർ ടി പി സി ആർ നെഗറ്റീവ് റിപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ സംസ്ഥാനത്ത് കടക്കാൻ അനുമതിയുള്ളു. ഇയൊരു കാര്യത്തിൽ സംസ്ഥാനങ്ങൾ ഏകീകൃതമായ ഒരു നയം സ്വീകരിക്കണമെന്ന് കേന്ദ്ര നിർദേശമുണ്ട്.
സംസ്ഥാനങ്ങളുടെ ഇത്തരം നിലപാടുകൾ ടൂറിസം മേഖലയെ സാരമായി ബാധിക്കുന്നുണ്ടെന്ന് ന ിരവധി സംഘടനകൾ ഇതിനു മുന്നേ തന്നെ കേന്ദ്ര ടൂറിസം മന്ത്രാലയത്തിൽ പരാതിപ്പെട്ടിരുന്നു. ഇതിന്റെ എല്ലാം തുടർച്ചയായിട്ടാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിർദേശം.